മുംബൈ: മലയാളി യുവതി ആറു വയസുള്ള കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റില്‍നിന്ന് ചാടി മരിച്ച നിലയില്‍. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന്‍ ഗരുഡ് (6) എന്നിവരാണ് മരിച്ചത്. മുംബൈ ചാണ്ഡീവ്ലിയിലെ ഫ്ളാറ്റില്‍ നിന്നാണ് രേഷ്മ കുഞ്ഞിനെയുംകൊണ്ട് ചാടിയത്. തിങ്കളാഴ്ച അര്‍ധരാത്രി 2.30ഓടെ രേഷ്മ താമസിച്ച ഫ്ളാറ്റില്‍ നിന്നും മകനോടൊപ്പം ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രേഷ്മ എഴുതിവെച്ച ആത്മഹത്യാ കുറിപ്പില്‍ അയല്‍ക്കാര്‍ നിരന്തരം ശല്യം ചെയ്യുന്നതായും, ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇത് അനുസരിച്ച്‌ ആത്മഹത്യാപ്രേരണക്കുറ്റത്തിന് അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാരനായ 33കാരനെതിരെയും ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയുമാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്.

രേഷ്മയുടെ ഭര്‍ത്താവ് ശരത് മുലുക്തല ഇക്കഴിഞ്ഞ മേയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. അതിനു ശേഷം വിഷാദാവസ്ഥയിലായിരുന്നു രേഷ്മയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മകന്‍ ബഹളം വെക്കുന്നുവെന്ന് കാട്ടി അയല്‍ക്കാര്‍ സൊസൈറ്റി ബോര്‍ഡ് അംഗങ്ങളോടും പൊലീസിനോടും പരാതിപ്പെട്ടുവെന്നാണ് രേഷ്മയുടെ ആരോപണം.