ഓസ്റ്റിൻ ∙ കോവിഡിനെ തുടർന്ന് ഉയർന്ന ടെക്സസിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ താഴേക്കു വന്നതായി ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. 2020 ഏപ്രിലിൽ തൊഴിലില്ലായ്മ 12.5 ശതമാനമായിരുന്നതാണ് ഇപ്പോൾ 6.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

കൂടുതൽ പേർ ജോലിക്കു പോയി തുടങ്ങിയതിനാൽ ഫെഡറൽ ജോബ് ലസ് അസിസ്റ്റൻസ്സ് നിർത്തൽ ചെയ്യുന്നതാണെന്ന് ഗവർണർ ഗ്രോഗ് ഏബട്ട് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല സഹായധനം ലഭിക്കാതായാൽ കൂടുതൽ തൊഴിൽ അന്വേഷകരുണ്ടാകുമെന്നും ഗവൺമെന്റ് പ്രതീക്ഷിക്കുന്നു.

ടെക്സസിലെ തൊഴിൽ രഹിത വേതനത്തിനുപുറമെ ലഭിച്ചിരുന്ന സപ്ലിമെന്റൽ ബെനഫിറ്റ് 300 ഡോളർ ജൂൺ 26 മുതൽ ലഭിക്കുകയില്ലെന്നും ഗവർണർ വ്യക്തമാക്കി.

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ടെക്സസ് പൂർണമായും പ്രവർത്തന സജ്ജമായെന്നും, കോവിഡ് കേസുകൾ നാമമാത്രമായി മാറിയിരിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. കോവിഡ് മഹാമാരിയിൽ ടെക്സസിൽ മാത്രം 52300 മരണവും, 2.98 മില്യൻ കോവിഡ് കേസ്സുകളുമാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ടെക്സസ് സംസ്ഥാനത്തെ കൗണ്ടി ഹാരിസും (6549), രണ്ടാമത് ഡാലസുമാണ് (4110).