തിരുവനന്തപുരം: ഗാര്‍ഹിക സ്ത്രീധന പീഡന പരാതികള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങള്‍ ഉല്‍കണ്ഠയുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വനിതകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്റര്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. അതിക്രമത്തിന് ഇരയാകുന്നവരുടെ പരാതി ജില്ലാ പോലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന സംവിധാനമാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള അപരാജിത എന്ന ഓണ്‍ലൈന്‍ സംവിധാനം സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ നല്‍കുന്നതിന് ഇനി മുതല്‍ ഉപയോഗിക്കാം. ഇത്തരം പരാതികള്‍ aparajitha.pol@kerala.gov.in ല്‍ അയയ്ക്കാം. 9497996992 എന്ന മൊബൈല്‍ നമ്ബരിലും ബന്ധപ്പെടാം.

പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍ ന്രമ്ബര്‍: 9497900999, 9497900286.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ച. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 949799 9955 എന്ന നമ്ബറില്‍ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.