പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയായ കുറുമുട്ടത്ത് വീട്ടില്‍ സുരേഷ് കുമാര്‍ ഇപ്പോഴും ഞെട്ടലില്‍ നിന്നും മുക്തനായിട്ടില്ല. തന്റെ ഒരു പരാതിയില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുമെന്ന് സുരേഷ് സ്വപ്നത്തില്‍ പോലും കരുതിയില്ല. സിബില്‍ സ്‌കോറില്‍ തന്നെ അകാരണമായി ഉള്‍പ്പെടുത്തി മുദ്ര ലോണ്‍ തടസ്സപ്പെടുത്തിയ സ്വകാര്യ ബാങ്കിനെതിരെ സുരേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയിരുന്നു.

അധികം വൈകാതെ പ്രശനം പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സുരേഷ് കുമാര്‍. ബാങ്കിനെതിരെ സുരേഷ് പ്രധാനമന്ത്രിക്ക് പരാതി അയച്ചെങ്കിലും ഉന്നത ഇടപെടല്‍ ഉണ്ടാകുമെന്ന യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ പരാതി അയച്ച്‌ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ റിസേര്‍വ് ബാങ്കില്‍ നിന്ന് സുരേഷിനെ തേടി ഒരു ഫോണ്‍കോള്‍ എത്തി. ‘താങ്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നോ? പരാതിയില്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുന്നതാണ്’ എന്നായിരുന്നു മറുതലയ്ക്കല്‍ നിന്നും കേട്ടത്. എന്നാല്‍, സുരേഷ് ഇത് കാര്യമാക്കിയില്ല.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും കോള്‍ വന്നു. സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത ലോണും, അതിന്റെ വിശദാശംങ്ങളും ലോണ്‍ അടച്ചു തീര്‍ത്ത തുകയും എല്ലാം ആരാഞ്ഞു. അബദ്ധത്തില്‍ തെറ്റ് പിണഞ്ഞതാണെന്നും പരിഹരിച്ചുവെന്നും അവര്‍ സുരേഷിനെ അറിയിച്ചു. കൂട്ടത്തില്‍ പ്രധാനമന്ത്രിക്കയച്ച കത്തിനെ കുറിച്ചും അവര്‍ സുരേഷിനോട് കാര്യങ്ങള്‍ ചോദിച്ചു. ഇതൊന്നും കൂടാതെ, കഴിഞ്ഞ ദിവസം റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്തും ലഭിച്ചു. താങ്കള്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ച പരാതി പരിഹരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു കത്ത്.

കോഴഞ്ചേരി ആസ്ഥാനമായുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കോട്ടയം ബ്രാഞ്ചില്‍ നിന്നാണ് സുരേഷ് 7 വര്‍ഷത്തെ കാലാവധിയില്‍ 12,75,775 രൂപ കടമെടുത്തത്. മൂന്നു വര്‍ഷം കൊണ്ട് 21,79,656 രൂപ തിരിച്ചടച്ച്‌ വായ്പ ക്ളോസ് ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മുദ്ര ലോണിനായി സമീപിച്ചപ്പോഴാണ് സിബില്‍ ബാധ്യത ശ്രദ്ധയില്‍ പെട്ടത്. പണം പലിശ സഹിതം അടച്ചിട്ടും സുരേഷിന്റെ സിബില്‍ ബാധ്യത ഒഴിവാക്കാന്‍ ബാങ്ക് തയ്യാറാകാതെ വന്നതോടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഭാരതത്തിലെ 130 കോടി ജനങ്ങളില്‍ ഓരോരുത്തരിലും പ്രധാനമന്ത്രിയുടെ കരുതലും കരുണയും എത്തുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.