ജമ്മു കാശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ്. ജമ്മുകശ്മീരിലെ കോൺഗ്രസ് വക്താവ് രവീന്ദർ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ്, മുതിർന്ന നേതാക്കളായ കരൺ സിംഗ്, പി ചിദംബരം, ഗുലാം നബി ആസാദ്, രജനി പാട്ടീൽ, ജി‌ എ മിർ, താരിഖ് ഹമീദ് കാര എന്നിവർ പങ്കെടുത്തു.

കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജമ്മു കശ്മീരിൽ നിന്നുള്ള പതിനാല് നേതാക്കളെയാണ് പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി എ മിർ, പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് എന്നിവരാണ് ക്ഷണിക്കപ്പെട്ടവർ.