തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാദ്ധ്യത. എഴുപത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും.

നിലവില്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമാണ് ഹോട്ടലുകള്‍ ഉള്‍പ്പടെ ഉള്ള കടകള്‍ക്ക് പ്രവര്‍ത്തനാനുമതി. ഇത് വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.കടകള്‍ തുറക്കുന്നതിന് സമയം നീട്ടി നല്‍കാന്‍ സാദ്ധ്യതയുണ്ട്.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമോയെന്നും നിര്‍ണായകമാണ്.

ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കിയേക്കും. എല്ലാ വിഭാഗങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിശ്ചിത സമയത്ത് നിശ്ചിത ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നതാകും പരിഗണിക്കുക. അതേസമയം തിയേറ്ററുകള്‍ ജിമ്മുകള്‍, മാളുകള്‍ എന്നിവ ഈ ഘട്ടത്തിലും തുറക്കാനിടയില്ല.