ന്യൂഡല്‍ഹി:കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോള‌ ജനറല്‍ ഒഫ് ഇന്ത്യ(ഡി‌സി‌ജി‌ഐ)യ്‌ക്ക് സമര്‍പ്പിച്ച്‌ ഭാരത് ബയോടെക്. വാക്‌സിന്‍ പരീക്ഷണഫല വിവരങ്ങള്‍ ഡിസി‌ജി‌ഐയിലെ വിദഗ്ദ്ധ സമിതി ഇന്ന് ചര്‍ച്ച ചെയ്യും. വാക്‌സിന്‍ പരീക്ഷണവിവരങ്ങള്‍ ഒരു അംഗീകൃത മെഡിക്കല്‍ പ്രസിദ്ധീകരണത്തില്‍ ഇതുവരെ പൂര്‍ണമായി പ്രസിദ്ധീകരിച്ചിട്ടില്ല.

ലോകാരോഗ്യ സംഘടനയുമായി വാക്‌സിന്‍ നി‌ര്‍മ്മാതാക്കളായ ഭാരത് ബയോടെക് മുന്‍കൂര്‍ കൂടിക്കാഴ്‌ച നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. കൂടിക്കാഴ്‌ചയില്‍ ആഗോളതലത്തില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ അത് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് ലോകാരോഗ്യ സംഘടന അധികാരികളില്‍ നിന്ന് വാക്‌സിന്‍ വിതരണത്തില്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനുള‌ള അവസരമാകുമെന്ന് ഭാരത് ബയോടെക് കരുതുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന യോഗത്തില്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ ലഭിച്ച ഫലപ്രാപ്‌തി, ഗുണനിലവാരം എന്നിവ കര്‍ശനമായി വിലയിരുത്തും.

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ ലോകമാകെ വിതരണം ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന കൊവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാ‌ര്‍ക്ക് അത് ഉപകാരമാകുകയും ചെയ്യും. മിക്ക വിദേശരാജ്യങ്ങളും ഇപ്പോഴും കൊവാക്‌സിന്‍ ഒരു കൊവിഡ് പ്രതിരോധ വാക്‌സിനായി അംഗീകരിച്ചിട്ടില്ല.

രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വ്യാപനം കുട്ടികളെയും ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കെ വാക്‌സിന്‍ രണ്ട് മുതല്‍ 18 വയസ് വരെയുള‌ള കുട്ടികളില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച്‌ മാസത്തില്‍ ഭാരത് ബയോടെക് പുറത്തുവിട്ട മൂന്നാംഘട്ട ഇടക്കാല റിപ്പോര്‍ട്ടില്‍ 81 ശതമാനം ഫലപ്രാപ്‌തിയാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് കമ്ബനി അവകാശപ്പെട്ടിരുന്നു. ആശുപത്രി വാസം 100 ശതമാനം ഉറപ്പാക്കാന്‍ വാക്‌സിന് കഴിയുമെന്നും കമ്ബനി പറഞ്ഞിരുന്നു.

ഇന്നലെ രാജ്യത്ത് വാക്‌സിന്‍ വിതരണത്തില്‍ പുതിയ റെക്കാഡ് കുറിച്ചു. 86 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നലെ നല്‍കിയത്. കൊവാക്‌സിന് പുറമേ അസ്‌ട്ര സെനെക്കയുടെ കൊവിഷീല്‍ഡ്, റഷ്യയുടെ സ്‌പുട്നിക്ക് 5 എന്നിവയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍. ഇവയ്‌ക്ക് പുറമേ അമേരിക്കയുടെ ഫൈസറും മൊഡേണയുടെയും വാക്‌സിനുകളെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.