കൊല്ലം: വിസ്‌മയ കേസില്‍ ഭര്‍ത്താവും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് എ.​എം.​വി.​ഐയുമായ കി​ര​ണിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും പ്രതികളായേക്കുമെന്ന് വനിതാ കമീഷന്‍ അംഗം ഷാഹിദ കമാല്‍. കിരണിന്‍റെ മാതാപിതാക്കള്‍ മാനസികമായും ശാരീരികമായും വിസ്മയയെ പീഡിപ്പിച്ചിരുന്നതായും സഹോദരന്‍ പറഞ്ഞതായി ഷാഹിദ കമാല്‍ പറഞ്ഞു.

‘ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ കൂട്ടുകാരി കൈമാറിയ പ്രധാനപ്പെട്ട വിവരമുണ്ട്. ഈ സാഹചര്യത്തില്‍ ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയില്‍ മാതാപിതാക്കളെ കൂടി ഉള്‍പ്പെടുത്തേണ്ടി വരും. വിസ്മയ മരണപ്പെട്ടതിന്‍റെ തലേദിവസം കിരണിന്‍റെ സഹോദരി വീട്ടിലുണ്ടായിരുന്നുവെന്നാണ് യുവതിയുടെ സഹോദരനോട് കൂട്ടുകാരി പറഞ്ഞത്. അക്കാര്യവും പരിശോധിക്കണം. അത് വാസ്തവമാണെങ്കില്‍ പ്രതിപ്പട്ടികയില്‍ സഹോദരിയെയും ഉള്‍പ്പെടുത്തേണ്ടി വരും. കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കാനുള്ള ഇടപെടല്‍ വനിത കമീഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകും’- ഷാഹിദ കമാല്‍ വ്യക്തമാക്കി. വിസ്മയയുടെ ദുരൂഹ മരണം വനിതാ കമീഷന്‍ കേസെടുത്തതായും വിശദമായി റിപ്പോര്‍ട്ട് പൊലീസില്‍ നിന്ന് ശേഖരിച്ചതായും ഷാഹിദ കമാല്‍ മാധ്യമങ്ങളെ അറിയിച്ചു.