രണ്ട് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി വിറ്റഴിച്ചേക്കും. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനം. ഇരു ബാങ്കുകളുടെയും 51 ശതമാനം ഓഹരികൾ വിറ്റഴിക്കുമെന്നാണ് സൂചന. സിഎൻബിസിയാണ് ഇത്തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തത്.

അതേസമയം, ദുർബലമായ സാമ്പത്തിക സ്ഥിതി ആയതിനാൽ ആർബിഐയുടെ നിരീക്ഷണത്തിലുള്ള ഈ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നത് ബുദ്ധിമുട്ടാവുമെന്നാണ് വിലയിരുത്തൽ.

പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 24 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ബജറ്റ് അവതരണ വേളയിൽ സ്വകാര്യവത്കരണ നയത്തെപ്പറ്റി ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

2021-21 സാമ്പത്തിക വർഷം ഏകദേശം രണ്ടുലക്ഷം കോടിയോളം രൂപയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നേടിയെടുക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്. എൽഐസി പ്രഥമ ഓഹരി(ഐപിഒ) വിൽപന ഈ വർഷം നടത്താനുള്ള തിരുമാനം, തന്ത്രപരമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണ നിർദ്ദേശം, എയർ ഇന്ത്യ, ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, പവൻഹംസ്, ബിപിസിഎൽ, ഭാരത് ഏർത് മൂവേഴ്സ് തുടങ്ങിയവയുടെ സ്വകാര്യവത്കരണം, ഐഡിബി ബാങ്കിന്റെയും മറ്റു രണ്ടു പൊതുമേഖലാ ബാങ്കുകൾടെയും ജനറൽ ഇൻഷുറൻസ് കോർപറേഷന്റെയും സ്വകാര്യവത്കരണം തുടങ്ങിയവയൊക്കെ ബജറ്റിൽ സൂചിപ്പിച്ചിരുന്നു.