വിസ്മയ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് സുഹൃത്ത് അശ്വതി. മാതാപിതാക്കളുടെ മുന്നിലിട്ട് കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നതായി അശ്വതി പറഞ്ഞു. സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ പോയി വന്ന ശേഷം കിരണ്‍ കൂടുതല്‍ മര്‍ദിച്ചിരുന്നതായി വിസ്മയ പറഞ്ഞിട്ടുണ്ട്. കിരണിന് ഉണ്ടായിരുന്ന ചെറിയ ഇഷ്ടം പോലും ഇല്ലാതാക്കുന്ന രീതിയിലായിരുന്നു അളിയന്റെ ഇടപെടലെന്നും വിസ്മയ പറഞ്ഞതായി സുഹൃത്ത് ട്വന്റിഫോറിനോട് പറഞ്ഞു.

മരിക്കുന്നതിന് തലേ ദിവസം അവളെ വിളിച്ചിരുന്നു. പരീക്ഷയ്ക്ക് പോകുമ്പോള്‍ തന്നെ വിളിക്കണമെന്നാണ് പറഞ്ഞത്. പരീക്ഷയുടെ ആവശ്യത്തിനായി അവള്‍ മുന്‍പ് തന്റെ വീട്ടില്‍ വന്നു നിന്നിട്ടുണ്ട്. കിരണിന്റെ ഭാഗത്തു നിന്നുണ്ടായ പീഡനത്തെ കുറിച്ച് അന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കരുതി അവള്‍ എല്ലാം സഹിക്കുകയായിരുന്നു. താന്‍ സന്തോഷത്തിലാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിച്ചു. വിസ്മയ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അശ്വതി പറഞ്ഞു.

വിസ്മയയ്ക്ക് കിരണിനെ ജീവനായിരുന്നു. എന്നാല്‍ കിരണിന് ആ ആത്മാര്‍ത്ഥത ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. മെയ് 31 ന് അവരുടെ വിവാഹ വാര്‍ഷികമായിരുന്നു. ആശംസകള്‍ അറിയിക്കാന്‍ വിളിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു അവളുടെ മറുപടി. വിളിച്ചാല്‍ പ്രശ്‌നമാകുമെന്ന് പറഞ്ഞു. ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസമാണിതെന്നും ഇങ്ങനെയൊക്കെ ജീവിച്ച് തീര്‍ന്നാല്‍ മതിയെന്നും അവള്‍ പറഞ്ഞുവെന്നും അശ്വതി ഓര്‍ത്തെടുത്തു.

കിരണ്‍ മദ്യപിച്ചിരുന്നതായി വിസ്മയ പറഞ്ഞിട്ടില്ല. എന്നാല്‍ അയാള്‍ മദ്യപിക്കുമെന്നാണ് അറിഞ്ഞത്. മുന്‍പ് മദ്യപിച്ചാണ് കിരണ്‍ വിസ്മയയുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടത്. ചേട്ടന്റെ മുന്നിലിട്ട് അവളെ അടിച്ചു. ഇക്കാര്യങ്ങളെല്ലാം വിസ്മയ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അശ്വതി വ്യക്തമാക്കി.