ഇടുക്കി: കുമളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത എന്ന് കണ്ടെത്തല്‍. ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംസ്ഥാന ഇന്‍റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഈ മരണം ആത്മഹത്യയല്ലെന്ന് ഇന്‍റലിജന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൂചന. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്. കേസന്വേഷണത്തിലടക്കം ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടന്നും ഇന്‍റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ ഏഴിനാണ് രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയെ കുമളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മകള്‍ മരിച്ച വിവരം ഭാര്യ രാജസ്ഥാനിലുള്ള ഭര്‍ത്താവിനെ അറിയിച്ചു. ഇയാള്‍ വിമാനമാര്‍ഗം നാട്ടിലെത്തുന്ന വരെ ഈ വിവരം മറ്റാരോടും പറയുകയും ചെയ്തിരുന്നില്ല. ഭര്‍ത്താവ് മടങ്ങിയെത്തിയ ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തില്‍ പോക്സോ വകുപ്പ് കൂടി ചുമത്തിയായിരുന്നു അന്വേഷണം.