കൊല്ലം: ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് ഉടനുണ്ടാകും. തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പൊലീസിന് ലഭിക്കും. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ഇന്ന് സന്ദര്‍ശനം നടത്തും.

സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കിരണിനെ അറസ്റ്റ് ചെയ്യുമെന്ന് ശൂരനാട് പൊലീസ് അറിയിച്ചു.വിസ്മയയുടെ ബന്ധുക്കളുടെ പരാതി സംബന്ധിച്ച്‌ കിരണ്‍ കുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
കൂടുതല്‍പേരില്‍നിന്ന് മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നു. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നതും പൊലീസ് സ്ഥിരീകരിക്കണം.

നിലമേല്‍ സ്വദേശിനിയായ വിസ്മയ (24) പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് വീട്ടുകാര്‍ അറിയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ജോലി നോക്കുന്ന കിരണ്‍കുമാറും പന്തളം മന്നം ആയുര്‍വേദ കോളജിലെ ബിഎഎംഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി വിസ്മയയും ഒരു വര്‍ഷം മുന്‍പാണു വിവാഹിതരായത്.