തിരുവനന്തപുരം: മുന്‍ സഹപ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുളള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നീക്കം സിപിഎം നേതൃത്വം തടഞ്ഞു. ആര്‍എംപി ബന്ധമുള്ള സഹപ്രവര്‍ത്തകയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേതൃത്വത്തിന്‍റെ ഇടപെടല്‍. ഇവരെ ഔദ്യോഗിക പിആര്‍ഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ ശ്രമം.

ആറന്മുളയില്‍ മത്സരിക്കുമ്ബോള്‍ പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച മാധ്യമപ്രവര്‍ത്തകയെ തന്‍റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രിയായ ശേഷം വീണ ജോര്‍ജ് ശ്രമിച്ചത്. എന്നാല്‍ പാര്‍ട്ടി തീരുമാനം വരും മുന്നെ സ്വന്തം നിലയില്‍ സ്റ്റാഫിനെ തീരുമാനിച്ചതാണ് തിരിച്ചടിയായത്. കോഴിക്കോട് ജില്ലയില്‍ ആ‌ര്‍എംപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്‍റെ എതിര്‍പ്പ് കൂടി കണക്കിലെടുത്താണ് എകെജി സെന്‍റര്‍ ഇടപെടല്‍.

വീണാ ജോര്‍ജ് മന്ത്രിയായതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സമിതിയംഗത്തെയാണ് സിപിഎം പ്രൈവറ്റ് സെക്രട്ടറിയായി തീരുമാനിച്ചത്. എന്നാല്‍ പിആര്‍ഒ നിയമനത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടന്നില്ല. നിലവില്‍ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയില്‍ മന്ത്രിമാര്‍ക്ക് നിയമിക്കാന്‍ അനുമതി. അതിലും പാര്‍ട്ടി പശ്ചാത്തലവും ബന്ധപ്പെട്ട ജില്ലാക്കമ്മിറ്റിയുടെ അംഗീകാരവും നിര്‍ബന്ധമാണ്.