പുതിയ ഐടി നിയമങ്ങളില്‍ യുഎന്‍ വിമര്‍ശനത്തിന് മറുപടിയുമായി ഇന്ത്യ. പുതിയ ഐടി നിയമങ്ങളെ വിമര്‍ശിച്ച് യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍മാര്‍ അയച്ച കത്തിനാണ് ഇന്ത്യയുടെ മറുപടി. ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. യുഎന്നിലെ ഇന്ത്യന്‍ മിഷനാണ് മറുപടി നല്‍കിയത്.

പുതിയ ഐടി നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണ് എന്ന് കാണിച്ചാണ് ഐറിന്‍ ഖാന്‍, ക്ലെമന്റ് നയാലെറ്റ്‌സോസി വോള്‍, ജോസഫ് കന്നാറ്റസി എന്നീ ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക റാപ്പോട്ടിയേഴ്സ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവയ്ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐടി നിയമങ്ങളെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. 1979ല്‍ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിട്ടുണ്ടെന്നും കത്തില്‍ യുഎന്‍ വ്യക്തമാക്കുന്നു.