തിരുവനന്തപുരം: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച്‌ എസ്ബിഐ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐ ടി വിഭാഗം ശ്രമം തുടങ്ങി.

നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സാധിക്കുന്ന മെഷീനുകള്‍ വഴി നിരവധി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ ഈ നടപടി. വിഷയം പഠിച്ച്‌ തട്ടിപ്പിന്റെ കാരണം കണ്ടെത്താന്‍ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. എഡിഡബ്ല്യുഎം മെഷീനുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല താല്‍ക്കാലികമായിട്ടാണ് നടപടി എന്നാണ് വിവരം.

പല ഇടങ്ങളിലും എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഇത് ഉപഭോക്താക്കള്‍ക്ക് വളരെ ആശ്വാസകരമായിരുന്നു. എടിഎം കൗണ്ടറുകളില്‍ പണം ഇല്ലെങ്കിലും ഇത്തരം ഡെപ്പോസിറ്റ് മെഷീന്‍ കൗണ്ടറുകളില്‍ എപ്പോഴും പണം ലഭ്യമായിരുന്നു. ഈ സൗകര്യമാണ് പുതിയ ഉത്തരവോടെ താല്‍ക്കാലികമാണെങ്കിലും റദ്ദാക്കപ്പെട്ടിരിക്കുന്നത്.