കായിക ഇതിഹാസം മില്‍ഖ സിംഗിന് രാജ്യം ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. ഛണ്ഡിഗഡിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. മില്‍ഖ സിംഗിന്റെ മകന്‍ ജീവ് മില്‍ഖ സിംഗ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. കായിക മന്ത്രി കിരണ്‍ റിജിജു അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

പഞ്ചാബ് ഗവര്‍ണര്‍ വി പി സിംഗ് ബദ്‌നൂര്‍, ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍, ഹരിയാന കായികമന്ത്രി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മില്‍ഖ സിംഗിന്റെ നിര്യാണത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ഒരു ദിവസത്തെ ദുഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് മില്‍ഖ സിംഗ് മരണപ്പെട്ടത്. മില്‍ഖയുടെ വേര്‍പാടില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ഒട്ടേറ പേര്‍ അനുശോചനമറിയിച്ചു. ‘ഒരു പടുകൂറ്റന്‍ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്. അസംഖ്യം ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നു’ – പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.