ദില്ലി: രണ്ടാം തവണയും യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട അന്‍റോണിയോ ഗുട്ടെറസിന് അഭിനന്ദനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഐക്യരാഷ്ട്ര സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായ അന്‍റോണിയോ ഗുട്ടറെസിന് അഭിനന്ദനങ്ങള്‍. ബഹുരാഷ്ട്രവാദവുമായി മുന്നോട്ട് പോകുവാന്‍ പരസ്പരം സഹകരിച്ച്‌ പ്രവര്‍ത്തിക്കാമെന്നും ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

സുരക്ഷാ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത്. ഒന്‍പതാമത്തെ സെക്രട്ടറി ജനറലായി 2017 മുതല്‍ തുടരുന്ന ഗുട്ടെറസിന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 നു അവസാനിക്കാനിരിക്കെയാണ് അടുത്ത 5 വര്‍ഷത്തേക്കു വീണ്ടും തിരഞ്ഞെടുത്തത്. പോര്‍ച്ചുഗല്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന ഗുട്ടെറസ് യുഎന്‍ റെഫ്യൂജി ഏജന്‍സിയിലും ചുമതല വഹിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ മാസം യുഎന്‍ ആസ്ഥാനത്ത് ഗുട്ടെറസിനെ സന്ദര്‍ശിച്ച ശേഷം സ്ഥാനാര്‍ഥിത്വത്തിനു ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 193 അംഗങ്ങളുള്ള ജനറല്‍ അസംബ്ലിയാണു സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസ് 2005-15 കാലയളവില്‍ യുഎന്‍ ഹൈക്കമ്മിഷണര്‍ ഫോര്‍ റഫ്യൂജീസ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.