രാജ്യത്തിന് വീണ്ടും ആശ്വാസദിനം. തുടർച്ചയായി ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1647 പേർ മരിച്ചു. 97,743 പേരാണ് 24 മണിക്കൂറിൽ രോഗമുക്തി നേടിയത്.

ഇതോടെ ആകെ ആക്ടീവ് കേസുകൾ 7.6 ലക്ഷത്തിലേക്ക് താഴ്ന്നു. ആകെ മരണസംഖ്യ 3.85 ലക്ഷമായി. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇന്നലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. കേരളത്തിൽ ഇന്നലെ 11,361 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, വാക്‌സിനേഷൻ നടപ്പാക്കുന്നത് ഹോസ്പിറ്റലൈസേഷൻ കുറയ്ക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ ഊർജിതമായി നടപ്പാക്കിയതോടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 75 മുതൽ 80 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ട്.