കൊച്ചി: സുഗമമായ ശബരിമല ക്ഷേത്ര ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്‌ സംവിധാനം പോലീസിനെ ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ നേരിട്ടു നടത്തും. നിലവില്‍ പോലീസാണു ബുക്കിങ്‌ നിയന്ത്രിക്കുന്നത്‌. വ്യാപകമായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണു തീരുമാനം. പുതിയ സോഫ്‌റ്റ്‌വേര്‍ തയാറാക്കാന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയെ സര്‍വീസസിനെ (ടി.സി.എസ്‌.) ഏല്‍പ്പിച്ചു. ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റ്‌ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ബുക്കിങ്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. അടുത്ത മണ്ഡലകാലത്തിനു മുമ്ബായി പുതിയ സംവിധാനം നിലവില്‍വരും.
കേരളാ പോലീസിന്റെ ശബരിമലക്യൂ. കോം എന്ന വെബ്‌സൈറ്റാണു നിലവില്‍ ഉപയോഗിക്കുന്നത്‌. സ്ലോട്ട്‌ ഓപ്പണ്‍ ചെയ്‌താല്‍ അഞ്ചു മിനിറ്റ്‌ കൊണ്ടു ബുക്കിങ്‌ നിറയുകയാണ്‌. തികച്ചും സൗജന്യമായി നല്‍കേണ്ട സേവനത്തിന്റെ മറവില്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പോലീസുമായി ഒത്തുകളിച്ച്‌ തീര്‍ഥാടകരെ കൊള്ളയടിക്കുകയാണെന്നാണു പരാതി. 50 സീറ്റുള്ള വാഹനത്തിനു കുറഞ്ഞത്‌ ആയിരം രൂപയാണു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഈടാക്കുന്നത്‌. കൂടുതലും അന്യസംസ്‌ഥാനക്കാരെയാണ്‌ ഇവര്‍ ചൂഷണം ചെയ്യുന്നത്‌. വരുമാനത്തിന്റെ ഒരു വിഹിതം പോലീസുകാര്‍ക്കും കിട്ടുന്നുണ്ടെന്നാണ്‌ ആക്ഷേപം. ഇതേപ്പറ്റി നിരവധി പരാതികള്‍ സര്‍ക്കാരിനും ബോര്‍ഡിനും കിട്ടിയിരുന്നു. ഗ്രൂപ്പ്‌ ബുക്കിങ്‌ വഴി വണ്ടികള്‍ ഒന്നിച്ചു ബുക്ക്‌ ചെയ്യുന്നതിനാല്‍ ഒറ്റയടിക്കു ബുക്കിങ്‌ തീരും. പത്തു തീര്‍ഥാടകര്‍ക്കുവരെ ദര്‍ശനം നടത്താവുന്ന വിധത്തിലായിരുന്നു ക്രമീകരണം. സംവിധാനത്തിലെ അഴിമതിമൂലം സാധാരണക്കാര്‍ക്കു ദര്‍ശനം നടത്താന്‍ കഴിയാത്ത സ്‌ഥിതിയാണ്‌.
ഇ മെയില്‍ വിലാസമോ മൊബൈല്‍ നമ്ബറോ ഉപയോഗിച്ചു ലോഗിന്‍ ചെയ്‌തശേഷം ബുക്ക്‌ ചെയ്യുന്ന രീതിയാകും പുതുതായി കൊണ്ടുവരിക. ഇ മെയിലിലോ എസ്‌.എം.എസായോ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ചു സൈന്‍ അപ്‌ ചെയ്‌തശേഷം പാസ്‌വേഡ്‌ ഉപയോഗിച്ചു ലോഗിന്‍ ചെയ്യാവുന്ന തരത്തിലാണു വെബ്‌സൈറ്റ്‌ തയാറാക്കുന്നത്‌. ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റ്‌ വഴിയും ലിങ്കില്‍ പ്രവേശിക്കാം. കഴിഞ്ഞ മണ്ഡലകാലത്ത്‌ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ 1250 പേര്‍ക്ക്‌ അയ്യപ്പനെ തൊഴാന്‍ അവസരമൊരുക്കിയിരുന്നു. ഈ വര്‍ഷത്തെ ക്രമീകരണങ്ങളില്‍ തീരുമാനമായിട്ടില്ല.