ന്യൂഡല്‍ഹി: മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കു ദേശീയതലത്തില്‍ ചുമതല നല്‍കാന്‍ കോണ്‍ഗ്രസ്‌ തീരുമാനം. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പദവി നല്‍കിയേക്കും. പ്രതിപക്ഷനേതാവിനെ തീരുമാനിച്ച രീതിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച രമേശ്‌ ചെന്നിത്തലയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. 2004 ല്‍ ചെന്നിത്തല പ്രവര്‍ത്തക സമിതി അംഗമായിരുന്നു. അഞ്ചുസംസ്‌ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളാണ്‌ ഗുജറാത്തും പഞ്ചാബും. പഞ്ചാബിന്റെ ചുമതല ഏറ്റെടുക്കാനാണു ചെന്നിത്തലയ്‌ക്കു താല്‍പ്പര്യം. എന്നാല്‍ ഗുജറാത്തിന്റെ ചുമതല ഏറ്റെടുക്കണമെന്നാണ്‌ ഹൈക്കമാന്‍ഡ്‌ ആവശ്യപ്പെട്ടതെന്നാണ്‌ സൂചന.
അതേസമയം, ദേശീയതലത്തിലേക്ക്‌ ഉയര്‍ത്തിയാലും കേരളം പൂര്‍ണമായി ഉപേക്ഷിക്കാനാകില്ലെന്നു ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച രീതി ശരിയായില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. പ്രതിപക്ഷ നേതൃസ്‌ഥാനത്തുനിന്നു മാറിനില്‍ക്കാന്‍ തയാറായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു താന്‍ മാത്രമല്ല ഉത്തരവാദി. പാര്‍ട്ടി പുനഃസംഘടനയില്‍ ഐ ഗ്രൂപ്പിന്‌ അര്‍ഹമായ പരിഗണന ലഭിക്കണമെന്നുംരമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്‌.
താന്‍ പൂര്‍ണ സംതൃപ്‌തനാണെന്നും കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നം രാഹുല്‍ ഗാന്ധിയെ കണ്ടശേഷം ചെന്നിത്തല മാധ്യമങ്ങളോട്‌ പറഞ്ഞു. ഒരു സ്‌ഥാനവുമില്ലെങ്കിലും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ മനസിലെ എല്ലാ പ്രയാസവും മാറി. ഉമ്മന്‍ ചാണ്ടിയും ഞാനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ആ കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയോട്‌ വിശദീകരിച്ചു. പരാജയത്തിന്റെ കാരണങ്ങളേക്കുറിച്ച്‌ വിശദമായി സംസാരിച്ചു.-ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടന്നില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.