തിരുവനന്തപുരം: വനംകൊള്ളയ്ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മന്ത്രിസഭാ തീരുമാനപ്രകാരം നടന്ന കൊള്ള ഉദ്യോഗസ്ഥരുടെ തലയിലാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തെ അറിയിക്കാതെ വനത്തിന്റെ പേരില്‍ നിയമം കൊണ്ടു വന്നത് ചട്ടലംഘനമാണ്. സംരക്ഷിത വനങ്ങളിലെ മരം മുറിക്കാനുള്ള അധികാരം എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കാനാവുക. യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ ആദിവാസികളെയും കര്‍ഷകരെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ്. ആദിവാസികള്‍ക്ക് വേണ്ട നിയമസഹായം ബി.ജെ.പി നല്‍കും. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളതിനാല്‍ സര്‍ക്കാരിന്റെ അന്വേഷണം പര്യാപ്തമല്ലെന്നും കുമ്മനം പറഞ്ഞു.