ജെനീവ: ലോകരാജ്യങ്ങളില്‍ ​ കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതായി സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പെറുവുല്‍ ആദ്യമായി കണ്ടെത്തിയ ലാംഡ വകഭേദം ഇതുവരെ 29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്​ ചെയ്​തതായാണ്​ വിവരം. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ​ ലാംഡ വക​ഭേദം വളരെ വേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പെറുവിലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന വ്യാപന സാദ്ധ്യതയുള്ളതിനാല്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. 2021 ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട്​ ചെയ്​ത 81 ശതമാനം കേസുകളും ഈ വകഭേദത്തി​ന്റേതാണെന്നുള്ളതും വര്‍ദ്ധിച്ചു വരുന്ന അപകട സാദ്ധ്യതയെ സൂചിപ്പിക്കുന്നു.
രോഗവ്യാപന സാദ്ധ്യത കൂട്ടുന്നതിനും ആന്‍റിബോഡി​കളോടുള്ള വൈറസിന്‍റെ പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ഈ വകഭേദത്തെക്കുറിച്ച്‌​ കൂടുതല്‍ പഠനം ആവ​ശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

നിലവില്‍ പ്രധാനമായും ഗാമ, ഡെല്‍റ്റ വകഭദങ്ങളാണ് ലോകരാജ്യങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത്. പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച്‌​ നിരീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. 38.48 ലക്ഷം പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 16.26 കോടി പേര്‍ ആകെ രോഗമുക്തി നേടി.അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. യു.എസില്‍ മൂന്ന് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.16 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി എണ്‍പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഓക്​സ്​ഫഡ്​- അസ്​​ട്രസെനിക വാക്​സി​ന്റെ ഒന്നാം ഡോസ്​ എടുത്തവര്‍ക്ക്​ രണ്ടാം ഡോസായി ഫൈസര്‍,​ മൊഡേണ വാക്​സിനുകള്‍ നല്‍കാമെന്ന്​ കാനഡ അറിയിച്ചു. . ഓക്​സ്​ഫഡ്​ വാക്​സിനെടുത്തവര്‍ക്ക്​ രണ്ടാം ഡോസായി ആര്‍.എന്‍.എ വാക്​സിന്‍ നല്‍കാമെന്ന് രാജ്യത്തെ ദേശീയ രോഗ പ്രതിരോധ ഉ​പദേശക കമ്മിറ്റി​ നിര്‍ദേശംനല്കി.

നിലവില്‍ ഫൈസര്‍, മൊഡേണ എന്നിവയാണ്​ കാനഡയില്‍ ലഭ്യമായ ആര്‍.എന്‍.എ വാക്​സിനുകള്‍. രണ്ട്​ വ്യത്യസ്​ത വാക്​സിനുകളുടെ ഡോസുകള്‍ നല്‍കുക വഴി രോഗപ്രതിരോധ ശേഷി കൂട്ടാമെന്നാണ്​ വിലയിരുത്തല്‍. ഇതുമൂലം വാക്​സിന്‍ കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കുറക്കാനാകുമെന്നും ഏജന്‍സി വ്യക്​തമാക്കുന്നു