ന്യൂഡല്‍ഹി: കോവിഡ് മൂന്നാംതരംഗത്തില്‍ ഒറ്റപ്പെട്ട കേസുകള്‍ മാത്രമേ കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗ്രാമീണമേഖലകളില്‍ 18 വയസ്സില്‍ താഴെയുള്ളവരില്‍ സീറോ പോസിറ്റിവിറ്റി 56 ശതമാനമാണെന്നും 18 വയസ്സിനു മുകളിലുള്ളവരില്‍ സീറോ പോസിറ്റിവിറ്റി 63 ശതമാനമാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നാംതരംഗത്തില്‍ കുട്ടികളില്‍ ഒറ്റപ്പെട്ട രോഗബാധ മാത്രമേ ഉണ്ടാകൂ. 18 വയസ്സിനു താഴെയും മുകളിലും ഉള്ളവരില്‍ സീറോ പോസിറ്റിവിറ്റി ഏറെക്കുറേ തുല്യമാണെന്ന എയിംസ്-ലോകാരോഗ്യസംഘടനയുടെ സര്‍വേയിലെ കണ്ടെത്തലിനെയും തന്റെ വാദത്തെ സാധൂകരിക്കാന്‍ പോള്‍ ചൂണ്ടിക്കാട്ടി.
18 വയസ്സിനു മുകളിലുള്ളവരില്‍ സീറോ പോസിറ്റിവിറ്റി 67 ശതമാനമാണെന്നും 18-ന് താഴെയുള്ളവരില്‍ ഇത് 59 ശതമാനമാണെന്നുമായിരുന്നു എയിംസ്- ലോകാരോഗ്യ സംഘടനാ സര്‍വേയിലെ കണ്ടെത്തല്‍. നഗരമേഖലകളില്‍ 18-വയസ്സിന് താഴെയുള്ളവരില്‍ 78 ശതമാനവും 18-ന് മുകളിലുള്ളവരില്‍ 79 ശതമാനവുമാണ് സീറോ പോസിറ്റിവിറ്റിയെന്നും പോള്‍ പറഞ്ഞു. എല്ലാവരോടും എത്രയും വേഗം കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പോള്‍, വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകത 75-80 ശതമാനം വരെ കുറയ്ക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു.