പി.പി. ചെറിയാന്‍

വാഷിങ്ടൻ ഡിസി ∙ തൊഴിലില്ലായ്മ കുറഞ്ഞു വരുന്നു എന്ന ബൈഡൻ ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ തള്ളി തൊഴിൽ രഹിത വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ .യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് ജൂൺ 17 വ്യാഴാഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കഴിഞ്ഞ വാരം തൊഴിൽ രഹിത വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 412,000 ആണ്. മുൻ ആഴ്ചയേക്കാൾ 37,000 വർധനവ്.പെൻസിൽവാനിയ, കലിഫോർണിയാ സംസ്ഥാനങ്ങളിൽ നിന്നാണു കൂടുതൽ അപേക്ഷകർ.

ഫെഡറൽ ഗവൺമെന്റ് തൊഴിലില്ലായ്മ വേതനത്തോടൊപ്പം ആഴ്ചതോറും 300 ഡോളർ കൂടി നൽക്കുന്നതാണു കൂടുതൽ പേരെ അപേക്ഷ സമർപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത്.ടെക്സസ് ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഫെഡറൽ ഗവൺമെന്റിന്റെ പ്രതിവാര അനുകൂല്യം നിറുത്തുന്നതിനു ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ പേർ തൊഴിൽ മേഖലയിലേക്കു മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയിൽ 9.3 മില്യൺ ജോബ് ഓപ്പണിങ്സ് ഉണ്ടെങ്കിലും, 9.3 മില്യൻ പേർ ഔദ്യോഗികമായി തൊഴിൽ രഹിതരായിട്ടുണ്ടെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവ്വൽ പറഞ്ഞു. മേയ് 29 വരെയുള്ള കണക്കുകൾ ഉദ്ധരിച്ചു 14.83 മില്യൺ ആളുകളാണ് തൊഴിൽ രഹിതവേതനം വാങ്ങുന്നത്.

പാൻഡമിക്കിന്റെ ഭീതി ഇല്ലാതാകുന്നതോടെ പലരും തൊഴിൽ അന്വേഷണം ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

20 സംസ്ഥാനങ്ങൾ തൊഴിൽ രഹിത വേതനത്തിനോടൊപ്പം ലഭിച്ചിരുന്ന ഫെഡറൽ ആനുകൂല്യവും നിറുത്തുന്നതിനുള്ള തീരുമാനം ഫലം കാണുമെന്നാണ് അധികൃതർ പറയുന്നത്.