പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധി പുനപരിശോധിക്കാന്‍ സുപ്രീംകോടതി. ഡല്‍ഹി കോടതിയുടെ വിധി പ്രമാണമായി കണക്കാക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു.

പൗരത്വ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി നേതാക്കളായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ദേവാങ്കണ കലിത, നടാഷ നര്‍വാള്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മൂന്നുപേരും ഇന്നലെ ജയില്‍ മോചിതരാകുകയും ചെയ്തിരുന്നു. എന്നാല്‍, ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ഉന്നത കോടതിയെ സമീപിക്കുകയായിരുന്നു.

മൂന്നുപേരുടെയും ജാമ്യം തുടരുമെന്നും കോടതി വിധി സ്‌റ്റേ ചെയ്യില്ലെന്നും ഹരജി പരിഗണിച്ച സുപ്രീംകോടതി ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി സുബ്രമണ്യന്‍ എന്നിവര്‍ അറിയിച്ചു. എന്നാല്‍, വിധി പരിശോധിക്കുമെന്നും രണ്ടംഗ ബെഞ്ച് അറിയിച്ചു. യുഎപിഎ കേസ് വ്യാഖ്യാനിച്ച കോടതി വിധിക്ക് ദേശീയവ്യാപകമായ അനുരണനങ്ങളുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് വിശദമായ പരിശോധനയ്ക്ക് തീരുമാനിച്ചത്. ഡല്‍ഹി കോടതിയുടെ വിധിന്യായം സമാനമായ മറ്റു കേസുകളില്‍ കീഴ്‌വഴക്കമായി കണക്കാക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഭരണഘടനാ അവകാശമായ പ്രതിഷേധവും ഭീകരവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍, തുടക്കം മുതല്‍ തന്നെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ ആവശ്യം. കേസ് കൂടുതല്‍ വാദം കേള്‍ക്കലിനായി സുപ്രീംകോടതി അടുത്ത മാസത്തേക്കു മാറ്റിയിട്ടുണ്ട്. ഡല്‍ഹി പൊലീസിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്.