ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ. കോൺഗ്രസ് ടൂൾകിറ്റ് കേസിൽ ട്വിറ്റർ സ്വീകരിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടികളെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി. ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ ‘manipulated’ ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങൾ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ എന്നും കേന്ദ്രസർക്കാർ ഓർമിപ്പിച്ചു.

നേരത്തെ ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഇന്ത്യൻ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിൽ രാജ്യത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതിച്ഛായ ഇല്ലാതാക്കാൻ കോൺഗ്രസ് ആസൂത്രിമായി പ്രവർത്തിച്ചുവെന്നും ഇതിനായി ടൂൾ കിറ്റ് തയാറാക്കിയെന്നുമുള്ള ആരോപണത്തിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ.

നേരത്തെ ട്വിറ്ററിൽ ടൂൾ കിറ്റ് പുറത്തുവിട്ടായിരുന്നു വക്താവ് സംപീത് പാത്ര ഉൾപ്പെടെയുള്ളവർ ആരോപണമുന്നയിച്ചത്. എന്നാൽ ഇത് കൃത്രിമമാണെന്ന് പറഞ്ഞ കോൺഗ്രസ് മന്ത്രിമാരുൾപ്പെടെ ടൂൾ കിറ്റ് പ്രചരിപ്പിച്ച ബിജെപി നേതാക്കൾക്കെതിരെ കേസ് നൽകി. പിന്നാലെ ട്വീറ്റുകളില!െ ടൂൾ കിറ്റ് കൃത്രിമമാണെന്ന് ട്വിറ്ററും ലേബൽ ചെയ്തു. ഇതിലാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്.