പി.പി. ചെറിയാന്‍

ഫിലഡല്‍ഫിയ ∙ സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സമ്മേളനത്തില്‍ ചെയര്‍മാന്‍ ജാക്ക് സിയ അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ ഫെഡറേഷന്‍ സ്ഥാപകന്‍ ഡോ. മാന്‍ പാര്‍ക്കിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഏഷ്യന്‍ സമൂഹം ഫിലഡല്‍ഫിയയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണെന്നും മുഖ്യധാരയില്‍ സജീവമാകുന്നതിനൊപ്പം യുവതലമുറയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഏറെ പ്രാധാന്യമുള്ളതാണെന്നും ഓര്‍മ്മിപ്പിച്ചു. ഗവണ്‍മെന്റില്‍ നിന്ന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ നേടിയെടുക്കാന്‍ വിസ്മരിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഫിലഡല്‍ഫിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഫെഡറേഷന്‍ നിരവധി സാമുഹ്യ സേവനങ്ങള്‍ക്കുപുറമെ ജീവകരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കോവിഡ് പ്രതിസന്ധിയില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് ഭക്ഷ്യവിതരണമുള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യമുണ്ട് ഏഷ്യന്‍ ഫെഡറേഷന്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വൈസ് ചെയര്‍മാന്‍ അലക്‌സ് തോമസ്, ഡയറക്ടര്‍മാരായ ജോബി ജോര്‍ജ്, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ധാരാളം നേതാക്കന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്‍ഷ്വറന്‍സ്, ബാങ്കിങ് കമ്മിറ്റികളുടെ ചുമതലയുള്ള സെനറ്ററാണ് സ്ട്രീറ്റ്. മുന്‍ മേയര്‍ ജോണ്‍ സ്ട്രീറ്റിന്റെ മകനായ ഷെറിഫ് സ്ട്രീറ്റ് ഇന്ത്യന്‍ സമൂഹത്തിന്റെ ഉറ്റസുഹൃത്താണ്. യുഎസ് സെനറ്റിലേക്ക് മത്സരിക്കാന്‍ ഏറെ സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ ഇദ്ദേഹത്തിന് കല്‍പ്പിക്കുന്നു. എന്‍വയണ്‍മെന്റല്‍ എജ്യുക്കേഷന്‍ പദ്ധതി ഫിലഡല്‍ഫിയയില്‍ നടപ്പിലാക്കിയത് എടുത്തുപറയത്തക്ക നേട്ടമാണ്.