തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച്‌ വനിതാ കമ്മീഷന്‍. നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നുവെന്നും കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

പ്രണയാഭ്യര്‍ഥനയുമായി പുറകെ നടന്നു ശല്യം ചെയ്യുന്നവരെ താക്കീതു മാത്രം ചെയ്തു വിടുന്നത് നിയമവിരുദ്ധമായ നടപടിയാണ്. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. എം സി ജോസഫൈന്‍ കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ആവര്‍ത്തിച്ച്‌ നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാകുമ്ബോള്‍, പ്രതികളെ താക്കീത് ചെയ്ത് വിടുക മാത്രം ചെയ്യുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ പറയുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്ന സംഭവം വാര്‍ത്തയായിരുന്നു. എളാട് സ്വദേശി ദ്യശ്യയാണ് മരിച്ചത്. 21 വയസായിരുന്നു. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനിടെ സഹോദരിക്കും കുത്തേറ്റു. പരിക്കുകളോടെ സഹോദരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദൃശ്യയുടെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. പെണ്‍കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . ഇതിനുപിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്.