സംസ്ഥാനത്ത് അണ്‍ലോക്കിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍. മിതമായ രീതിയില്‍ പൊതുഗതാഗതം പുനരാരംഭിച്ചു. രോഗതീവ്രത കുറഞ്ഞയിടങ്ങളില്‍ എല്ലാ കടകളും തുറക്കാം.

20നും 30നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ഇളവും നല്‍കും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതല്‍ ഇളവുകളുണ്ടാകും. പൊതുഗതാഗതം രാവിലെ അഞ്ച് മണി മുതല്‍ പുനരാരംഭിച്ചു. വൈകിട്ട് 7 മണി വരെയാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. ടാക്‌സികള്‍ക്കും ഓട്ടോകള്‍ക്കും അവശ്യയാത്രകള്‍ അനുവദിച്ചു.

സംസ്ഥാനത്ത് മദ്യവില്‍പന ഇന്ന് പുനരാരംഭിക്കും. ടിപിആര്‍ നിരക്ക് 20 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബെവ്‌കോ, കണ്‍സ്യമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും വഴി രാവിലെ ഒന്‍പത് മണി മുതല്‍ആവശ്യക്കാര്‍ക്ക് നേരിട്ട് മദ്യം വാങ്ങാം. ബെവ്‌കോ നിരക്കില്‍ ബാറുകളില്‍ നിന്ന് മദ്യം ലഭ്യമാകും.

അതേസമയം സമൂഹ്യഅകലം ഉറപ്പാക്കാന്‍ മദ്യശാലകളില്‍ പൊലീസ് പെട്രോളിംഗ് ഉണ്ടാകും. വിവാഹ,മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പാടുള്ളു. ആള്‍ക്കൂട്ടമോ പൊതു പരിപാടികളോ പാടില്ല.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാം. മാളുകള്‍ തുറക്കാന്‍ അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ജീവനക്കാരെ വച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.