ഇല്ലിനോയ് ∙ ഇല്ലിനോയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ ബിസിനസ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകുന്നതിന്റെ ആദ്യഘട്ടമായി ഓക്സിജൻ കോൺസ്ൻട്രേറ്റർ, കൺവർട്ടേഴ്സ്, സർജിക്കൽ ഗൗൺസ്, മാസ്ക്, ഡിജിറ്റൽ തെർമോ മീറ്റേഴ്സ്, ഓക്സിമീറ്റേഴ്സ് എന്നിവ ഇന്ത്യയിലേക്ക് അയച്ചു. രണ്ടാംഘട്ടത്തിൽ കൂടുതൽ ഉപകരണങ്ങൾ അയയ്ക്കുമെന്ന് കൗൺസിലിന്റെ വാർത്താകുറിപ്പിൽ പറയുന്നു.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതീവ ഗുരുതരാവസ്ഥയിൽ എത്തിചേരുകയും ജീവൻ രക്ഷാ ഉപകരണങ്ങൾക്കു ലഭ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിലാണു കമ്മ്യൂണിറ്റിയുടെ സഹായത്തോടെ റിലീഫ് പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് ഐഎബിസി പ്രസിഡന്റ് കീർത്തി കുമാർ റാവൂരി പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇതു വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയതായി കൗൺസിൽ ചെയർമാൻ അജിത് സിങ് പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് വ്യാപനം നേരിടുന്നതിനു ഉത്തരവാദിത്വപ്പെട്ടവർ നടത്തുന്ന ശ്രമങ്ങൾക്ക് ഒരു കൈതാങ്ങു നൽകികൊടുക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നതെന്നും അജിത് സിങ് പറഞ്ഞു. എൻആർഐ ഓർഗനൈസേഷനുമായി സഹകരിച്ചു കൂടുതൽ ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നും നടത്തുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.