ന്യൂയോർക്ക് ∙ ലോകത്തിലെ ഏറ്റവും വലിയ പൊലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പോലിസ് ഡിപ്പാർട്മെന്റിൽ (എൻവൈപിഡി) ഡെപ്യുട്ടി ഇൻസ്‌പെക്ടർ ആയി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായതോടെ പ്രവാസ ജീവിതത്തിൽ പുതിയൊരു നാഴികക്കല്ല്; അഥവാ ഒരു ഗ്ളാസ് സീലിംഗ് കൂടി തകരുന്നു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ എന്ന റെക്കോർഡും ലിജു തോട്ടത്തിനു സ്വന്തം.

ഇന്നു (വ്യാഴം) പൊലീസ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ലിജു തോട്ടം ഔദ്യോഗികമായി സ്ഥാനമേൽക്കും. ലിജുവിന്‌ പുറമെ ഓഫീസർ സോണി വർഗീസ് ഡിറ്റക്റ്റീവായും സാർജന്റ് നിതിൻ എബ്രഹാം ലുട്ടനന്റായും ചടങ്ങിൽ സ്ഥാനമേൽക്കും. ന്യൂയോർക്ക് സിറ്റിയിൽ ആദ്യ ഇന്ത്യൻ പൊലീസ് ഓഫിസർ, സാർജന്റ്, ലുട്ടനന്റ്, ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലെത്തിയത് സ്റ്റാൻലി ജോർജ് ആണ്. പിന്നാലെ ലിജു തോട്ടവും ക്യാപ്റ്റനായി. ഇപ്പോൾ ഡെപ്യുട്ടി ഇൻസ്പെക്ടറും.

പ്രീസിംക്ടുകളെ നയിക്കുന്നത് രണ്ടു ക്യാപ്റ്റന്മാരാണ്. ഒരാള്‍ കമാന്‍ഡിങ് ഓഫിസറും മറ്റേയാള്‍ എക്‌സിക്യൂട്ടീവ് ഓഫിസറും. അവർക്ക് മുകളിൽ പല പ്രധാന പ്രീസിംക്ടുകളിൽ ഡെപ്യുട്ടി ഇൻസ്‌പെക്ടർ ആയിരിക്കും ചാർജ്. അതിനു മുകളിൽ അസിസ്റ്റന്റ് കമ്മിഷണർമാർ മുതൽ രാഷ്ട്രീയ നിയമനമാണ്. ഇന്ത്യാക്കാരുടെ കരുത്ത് മേയർക്കും മറ്റു നഗരപിതാക്കൾക്കും ബോധ്യമാകാത്തതിനാൽ പൊളിറ്റിക്കൽ നിയമനത്തിൽ നാം പിന്നോക്കം പോകുന്നു. നഷ്ടം നമ്മുടെ സമൂഹത്തിനു തന്നെ. നമ്മുടെ ഒരാൾ ഉന്നത സ്ഥാനങ്ങളിലുണ്ടെങ്കിൽ നമ്മുടെ പ്രശ്നങ്ങൾ അവർ പെട്ടെന്നു മനസിലാക്കുമെന്നുറപ്പ്. (അറിയാവുന്ന പൊലീസ് രണ്ട് ഇടി കൂടുതൽ തരുമെന്നാണ് കേരളത്തിലെ ചൊല്ല് എന്നത് മറക്കുന്നില്ല)

പോലിസ് ആവുകയെന്നത് കുഞ്ഞുനാള്‍ മുതല്‍ മനസില്‍ സൂക്ഷിച്ച ആഗ്രഹമായിരുന്നെങ്കിലും ഇത്തരം പദവിയൊന്നും ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നു കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ലിജു ക്യാപ്റ്റനായപ്പോൾ പറയുകയുണ്ടായി. പൊലിസിലെത്തുന്ന ആരും മോഹിക്കുന്നതാണ് ഉന്നത പദവിയെങ്കിലും തങ്ങളെപ്പോലുളള കുടിയേറ്റക്കാരെ അതിനായി പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല.