കൊല്ലം: കടല്‍ക്കൊലക്കേസില്‍ ഇറ്റലി സര്‍ക്കാര്‍ 10 കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ചു. ഒമ്പതു വര്‍ഷത്തെ നിയമയുദ്ധത്തിനാണ് ഇതൊടെ അറുതിയാകുന്നത്. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലുമായാണ് നിയമയുദ്ധം നടന്നത്. പ്രതികള്‍ക്കെതിരായ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ സുപ്രീംകോടതി ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കും.

2012 ഫെബ്രുവരി 15ന് ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലില്‍ മത്സബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന കൊല്ലം സ്വദേശി വാലന്റൈന്‍, കുളച്ചല്‍ സ്വദേശി അജീഷ്പിങ്കി എന്നിവരെ എന്റിക്ക ലെക്‌സി എണ്ണക്കപ്പലിലെ സുരക്ഷാസൈനികരായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവര്‍ വെടിവച്ച്‌ കൊന്നത്. പ്രതികളെ 19നു കേരള പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 2013ല്‍ പ്രതികള്‍ക്ക് ഇറ്റലിക്കുപോകാന്‍ അനുമതി നല്‍കിയിരുന്നു.
പ്രതികള്‍ ഇറ്റലിയില്‍നിന്നു മടങ്ങിവന്നെങ്കിലും പിന്നീട് ഒരാളെ ഇറ്റലിക്കു കൈമാറി. നരേന്ദ്രമോഡി സര്‍ക്കാര്‍ വന്നശേഷം രണ്ടാമനെയും വിട്ടുനല്‍കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 2020 മെയ് 21നാണ് അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിധിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ നഷ്ടപരിഹാരത്തുക കൈമാറാതെ കേസ് അവസാനിപ്പിക്കുന്നതിനെ കേരളസര്‍ക്കാര്‍ എതിര്‍ത്തു. ഇറ്റലി നല്‍കിയ 10 കോടി നഷ്ടപരിഹാരത്തുക കെട്ടിവച്ച വിവരം ജൂണ്‍ 11 ന് കോടതിയെ അറിയിച്ചതോടെയാണ് കേസ് അവസാനിപ്പിക്കാനുള്ള വിധിക്ക് കളമൊരുങ്ങുന്നത്.