നെയ്യാറ്റിന്‍കര : സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച അവണാകുഴി താന്നിമൂട് ‘ഹരേരാമ’ ഹൗസില്‍ ജിജോഷ് മിത്രയുടെ ഭാര്യ അശ്വതി വിജയന് (31) ബന്ധുക്കള്‍ കണ്ണീരോടെ വിട നല്‍കി. പ്രത്യേക വിമാനത്തില്‍ ഇന്നലെ രാവിലെ എത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സൗദി അറേബ്യയിലെ കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്സായിരുന്നു. മരിക്കുന്നതിന് 15 മിനിട്ട് മുന്‍പ് അശ്വതി വീട്ടില്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു.

മൂന്നു വര്‍ഷമായി, അശ്വതി സൗദിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ്. ഏറ്റവും ഒടുവില്‍ അവധിക്കു നാട്ടില്‍ വന്നു മടങ്ങിയിട്ട് 3 മാസം കഴിഞ്ഞു. അശ്വതിയുടെ മൃതദേഹവുമായി ആംബുലന്‍സ് വീട്ടു പടിക്കല്‍ എത്തിയപ്പോള്‍ തന്നെ ബന്ധുക്കളും അയല്‍ക്കാരും ദുഃഖം നിയന്ത്രിക്കാന്‍ പാടുപെട്ടു. ഭര്‍ത്താവ് ജിജോഷ് മിത്രയും മക്കളായ ആറു വയസ്സുകാരി ദിക്ഷയും നാലുവയസ്സുകാരനായ ദയാലും വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോള്‍ കണ്ടു നിന്നവര്‍ക്കും സഹിക്കാനായില്ല.

അടുത്ത ബന്ധുക്കള്‍ അല്ലാത്തവരുടെ കണ്ണുകളില്‍ നിന്നു പോലും സങ്കടം ചാലിട്ടു. മക്കള്‍, അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയതും ഹൃദയഭേദകമായ കാഴ്ചയായി. നെട്ടയം സ്വദേശിയായ വിജയന്റെയും ജലജയുടെയും മകളാണ്. അരുണ്‍ വിജയന്‍ സഹോദരന്‍. സൗദി അറേബ്യയില്‍ 4ന് വൈകിട്ടാണ് അപകടത്തില്‍ അശ്വതിയും കോട്ടയം കുറവിലങ്ങാട് സ്വദേശി നഴ്സ് വയലാ ഇടശേരിത്തടത്തില്‍ ഷിന്‍സി ഫിലിപ്പും (28) മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞു സമീപത്തെ ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു. ഷിന്‍സി ഫിലിപ്പിന്റെ മൃതദേഹവും നാട്ടിലെത്തിച്ചു.