കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം അഞ്ചിന് പതിനാറ് തൊഴിലാളികളുമായി പോയ അജ്മീർഷാ ബോട്ടാണ് ഇപ്പോഴും കാണാമറയത്തുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാൾ സ്വദേശികളായ നാല്‌പേരുമാണ് ബോട്ടിലുള്ളത്. കോസ്റ്റ് ഗാർഡും നാവികസേനയും മത്സ്യബന്ധന ബോട്ടുകളും അറബിക്കടൽ വഴി കടന്നുപോയ കപ്പലുകളും തെരച്ചിൽ നടത്തിയിട്ടും ബോട്ടിന്റെ അവശിഷ്ടം പോലും കണ്ടെത്താനായില്ല.

മെയ് ആദ്യവാരത്തിൽ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടയിൽ ബോട്ട് കണ്ടെത്തിയെന്ന് തീരദേശ സംരക്ഷണ സേനയ്ക്ക് കോസ്റ്റ് ഗാർഡിൽ നിന്ന് തെറ്റായ സന്ദേശം ലഭിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഉപജീവനത്തിനായി പോയ പ്രിയപ്പെട്ടവർ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ കുടുംബം.