ധാക്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്ബയറോട് കയര്‍ത്ത് ബെയില്‍സ് തട്ടിത്തെറിപ്പിക്കുകയും സ്റ്റമ്ബ് പിഴുതെറിയുകയും ചെയ്ത സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസ്സനെതിരെ അച്ചടക്ക നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിന് മൂന്ന് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം ബംഗ്ലാദേശ് ടാക്ക പിഴയടക്കാനുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന അബഹാനി ലിമിറ്റഡും മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് വിവാദത്തിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്.

മത്സരത്തിനിടെ രണ്ടു തവണയാണ് ഷക്കീബിന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങിന്റെ ക്യാപ്റ്റനാണ് ഷക്കീബ്. ആദ്യം ബാറ്റ് ചെയ്ത ഷക്കീബ് അല്‍ ഹസ്സന്റെ മുഹമ്മദന്‍ സ്പോര്‍ടിങ് ക്ലബ്ബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുത്തിരുന്നു. അബഹാനി ലിമിറ്റഡിന്റെ മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെയാണ് ആദ്യ സംഭവം നടന്നത്. ദേശീയ ടീം താരം മുഷ്ഫിഖുര്‍ റഹീമിനെതിരെ ബോള്‍ ചെയ്ത ശേഷം എല്‍ ബി ഡബ്ല്യുവിനായി ഷക്കീബ് അപ്പീല്‍ ചെയ്തിട്ടും അമ്ബയര്‍ വിക്കറ്റ് അനുവദിച്ചില്ല. നിയന്ത്രണം വിട്ട ഷക്കീബ് വിക്കറ്റില്‍ ചവിട്ടിയാണ് ദേഷ്യം പ്രകടിപ്പിച്ചത്. കൂടാതെ അംപയറുമായി തര്‍ക്കിക്കുകയും ചെയ്തു. പിന്നാലെ മഴയെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കുന്നെന്ന് അമ്ബയര്‍ അറിയിച്ചതോടെ ഓടിയെത്തിയ ഷക്കീബ് വിക്കറ്റ് വലിച്ചൂരി നിലത്ത് അടിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുടെയും വീഡിയോ വളരെപെട്ടെന്ന് തന്നെ വൈറലായി. എന്നാല്‍ മത്സരശേഷം താരം നടന്ന സംഭവങ്ങള്‍ക്കെല്ലാം ഫെയ്സ്ബുക്കിലൂടെ മാപ്പ് ചോദിച്ചിരുന്നു. മത്സരത്തിനിടെ നിയന്ത്രണം വിട്ടതിനും മത്സരം തടസപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നെന്നും ഒരു സീനിയര്‍ താരത്തില്‍ നിന്നുണ്ടാവേണ്ട പെരുമാറ്റമല്ല ഇതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഷക്കീബ് കുറിച്ചിട്ടു. നേരത്തെ വാതുവെയ്പ്പുകാര്‍ സമീപിച്ച വാര്‍ത്ത ഐ സി സിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് ഷക്കീബിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് കഴിഞ്ഞ് അടുത്തിടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

എന്നാല്‍ വന്‍ വിമര്‍ശനങ്ങളായിരുന്നു താരത്തിനെതിരെ ഉയര്‍ന്നത്. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിന്റെ യുവതാരങ്ങള്‍ ഷക്കീബിന്റെ ഇത്തരം പ്രവൃത്തികള്‍ പിന്തുടരരുതെന്ന് സ്തലേക്കര്‍ പറഞ്ഞു. ‘ആദ്യം ക്രിക്കറ്റില്‍ നിന്ന് വിലക്ക് ലഭിച്ചു. ഇപ്പോള്‍ മോശം പെരുമാറ്റവും. ഇത്തരത്തിലുള്ള താരങ്ങളെ ക്രിക്കറ്റിന് ആവശ്യമുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്’ എന്നായിരുന്നു ലിസ സ്തലേക്കര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

എന്നാല്‍ ഷക്കീബ് അല്‍ ഹസനെ പിന്തുണച്ച്‌ ഭാര്യ ഉമെ അഹമ്മദ് ശിശിര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ ഭര്‍ത്താവിനെ വില്ലനായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഷക്കീബിനെ വിമര്‍ശിക്കുന്നവര്‍ എന്നാല്‍ അമ്ബയറുടെ തെറ്റായ തീരുമാനത്തെക്കുറിച്ച്‌ മിണ്ടുന്നില്ലെന്നും അംപയറുടെ തീരുമാനങ്ങളാണ് പ്രധാന വിഷയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.