തിരുവനന്തപുരം: ഒരു വ്യാജ കേസ് കെട്ടിച്ചമച്ച്‌ മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ ഒരു വനം കണ്‍സര്‍വേറ്ററും പ്രമുഖ ചാനലിന്റെ കോഴിക്കോട്ടെ ചുമതലക്കാരനായ മാദ്ധ്യമപ്രവര്‍ത്തകനും അതിരുവിട്ട നീക്കങ്ങള്‍ നടത്തിയെന്ന് സൂചനകള്‍.

മുട്ടിലില്‍ മുറിച്ച തടികള്‍ പെരുമ്ബാവൂരിലേക്ക് കടത്തിയ പാസിലെ തട്ടിപ്പ് കണ്ടെത്തിയതോടെ പ്രതി റോജി അഗസ്റ്റിന്‍ പിടിയിലാകുമെന്നായപ്പോഴാണ് വയനാട്ടിലെ മണിക്കുന്ന് മലയിലെ കൃത്യമായ പട്ടയരേഖകളുള്ള ഭൂമിയിലെ ഉടമയുടെ മരം മുറിയില്‍ കള്ളക്കേസുണ്ടാക്കി യഥാര്‍ത്ഥ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. വനം വകുപ്പിന്റെ അധീനതയില്‍ അല്ലാത്ത ഭൂമിയാണ് അത്.

മുട്ടില്‍കേസ് പ്രതിക്കായി ചരടുവലിക്കാന്‍ കൂട്ടുനിന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ സ്വന്തം ചാനലില്‍ മണിക്കുന്നിലെ മരംമുറി അനധികൃതമാണെന്ന് വാര്‍ത്ത നല്‍കി. വാര്‍ത്ത ചാനല്‍ പിന്‍വലിച്ചതും വനംവകുപ്പില്‍ ചര്‍ച്ചയായി.

മുട്ടില്‍ മരംമുറിക്കലുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പില്‍ നിന്ന് 14 കര്‍ഷകരുടെ അപേക്ഷകളാണ് റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും റേഞ്ച് ഓഫീസര്‍ക്ക് സമര്‍പ്പിച്ചത്. അപേക്ഷകളില്‍ സംശയം തോന്നിയതിനാല്‍ വന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും റേഞ്ച് ഓഫീസര്‍ തുടര്‍നടപടി എടുത്തില്ല.അദ്ദേഹം വിരമിച്ച ശേഷം ജനുവരിയില്‍ വന്ന പുതിയ റേഞ്ച് ഓഫീസര്‍ സമീര്‍ നടത്തിയ പരിശോധനയില്‍ അസൈന്‍ഡ് ഭൂമിയിലെ മരമാണെന്ന് കണ്ടെത്തി. അപ്പോഴും റവന്യൂ അധികാരികളുടെ പക്കല്‍ കൃത്യമായ രേഖകളില്ലായിരുന്നു. അനുമതിക്കായി ഡി.എഫ്.ഒയുടെ മേലും സമ്മര്‍ദ്ദമുണ്ടായി. പ്രാദേശികമായി മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ഡി.എഫ്.ഒ അനുമതി നല്‍കുന്നതില്‍ നിന്ന് പിന്മാറി. വനം വിജിലന്‍സും വിഷയത്തില്‍ ഇടപെട്ടത് അതേത്തുടര്‍ന്നാണ്.

പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയ വിവരം ചോര്‍ന്നു കിട്ടിയ പ്രതികള്‍,​ വ്യാജ ഫോറം-4 പാസ് ഉപയോഗിച്ച്‌ 14 ഘനമീറ്റര്‍ തടിയാണ് രണ്ട് ലോഡായി കടത്തിയത്. റേഞ്ച് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ കടത്തിയ തടി മലബാര്‍ ടിംബേഴ്സിലാണ് എത്തിയത്. വനം വകുപ്പിന്റെ സ്‌ക്വാഡ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ മില്ലുടമ തടി ഉടമയായ റോജിയോട് സര്‍ട്ടിഫിക്കറ്റ് ചോദിച്ചു. ഇല്ലെന്നറിഞ്ഞ മില്ലുടമ രഹസ്യമായി ഇ മെയിലില്‍ സി.സി.എഫിനെ വിവരമറിയിക്കുകയും റേഞ്ച് ഓഫീസറെത്തി തടി പിടികൂടുകയുമായിരുന്നു. അതോടെ തടി സ്വകാര്യവ്യക്തിയുടേതാണെന്ന് രേഖപ്പെടുത്താന്‍ പ്രതികള്‍ റേഞ്ച് ഓഫീസര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി.

എന്നാല്‍, അന്വേഷണസംഘം വനനിയമപ്രകാരം ശക്തമായ കേസാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നാണ് കണ്‍സര്‍വേറ്റ‌ര്‍ നാടകീയമായി എത്തി രംഗം കൈയടക്കിയത്. മണിക്കുന്നു മലയിലെ മരംമുറിക്കലിന്റെ പേരില്‍ വ്യാജകേസുണ്ടാക്കിയതൊക്കെ ഇതിന്റെ തുടര്‍ച്ചയായിരുന്നു. വയനാട് കളക്ടറുടെ സഹായത്തോടെ സത്യസന്ധരായ വനം ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് പിന്നീട് കൃത്യമായ തെളിവുകള്‍ ശേഖരിച്ച്‌ മുട്ടില്‍കേസ് ശക്തമാക്കിയത്.