കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ അമേരിക്കന്‍ പൊലീസ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ്. ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകം വീഡിയോയില്‍ പകര്‍ത്താന്‍ ധീരത കാണിച്ചതിനാണ് ആദരം. പൊലീസ് അനീതിക്കെതിരെ പ്രതിഷേധത്തിന് കാരണമായ ഈ വീഡിയോ നീതിക്കും സത്യത്തിനും വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ സാധാരണ പൗരന്മാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണെന്നും പുലിറ്റ്സര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറഞ്ഞു.അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച്‌ 2020 മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു.പതിനേഴുകാരിയായ ഡാര്‍നല്ല ഫ്രേസിയര്‍ ഈ ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു.ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്.