രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയ്ക്കിടെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ബയോ വെപ്പൺ’ എന്ന പദം പ്രയോഗിച്ചതിനാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ബയോ വെപ്പൺ എന്ന പദം തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എന്നാണ് ഐഷ സുൽത്താനയുടെ പ്രതികരണം.

‘രാജ്യത്തെയോ സർക്കാരിനെയോ അല്ല ഞാൻ ആ പദം പ്രയോഗിച്ചത് കൊണ്ട് ഉദ്ദേശിച്ചത്. ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ്. പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും ഒരു വെപ്പൺ പോലെയാണ് തോന്നിയത്. അതിന് കാരണം ഒരു വർഷത്തോളമായി പൂജ്യം കൊവിഡ് ആയ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്’ എന്ന് ഐഷ സുൽത്താന ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചിരുന്നു.