ലഖ്‌നോ: ബലാത്സംഗത്തിന് കാരണമാകുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് ഉത്തര്‍ പ്രദേശ് വനിതാ കമീഷന്‍ അംഗം. അലീഗഢ് ജില്ലയിലെ ഹിയറിങ്ങിലാണ് വനിതാ കമീഷന്‍ അംഗം മീന കുമാരിയുടെ അഭിപ്രായ പ്രകടനം.

പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും മൊബൈല്‍ ഫോണ്‍ നല്‍കരുത്. ആണ്‍കുട്ടികളുമായി മൊബൈലില്‍ മണിക്കൂറുകള്‍ സംസാരം തുടങ്ങുന്ന പെണ്‍കുട്ടികള്‍ പിന്നീട് അവരൊടൊപ്പം പോകുന്നു. അവരുടെ ഫോണുകള്‍ ആരും പരിശോധിക്കുന്നില്ല, കുടുംബാംഗങ്ങള്‍ ഇതേക്കുറിച്ചൊന്നും അറിയുന്നില്ല -മീന കുമാരി പറഞ്ഞു.

പെണ്‍കുട്ടികളെ അമ്മമാര്‍ നിരീക്ഷിക്കണം. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അമ്മമാര്‍ക്കാണ് ഉത്തരവാദിത്തമെന്നും വനിതാ കമീഷന്‍ അംഗം പറഞ്ഞു.

എന്നാല്‍, കമീഷന്‍ ഉപാധ്യക്ഷ അഞ്ജു ചൗധരി ഈ അഭിപ്രായത്തോട് വിയോജിച്ചു. മൊബൈല്‍ ഫോണുകള്‍ നല്‍കാതിരിക്കുന്നത് ലൈംഗിക അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പരിഹാരമല്ലെന്ന് അഞ്ജു ചൗധരി പറഞ്ഞു.

ബദൗന്‍ കൂട്ടബലാത്സംഗ ഇര രാത്രിയില്‍ പുറത്തു പോയില്ലായിരുന്നെങ്കില്‍ ആക്രമിക്കപ്പെടില്ലായിരുന്നു എന്ന് ദേശീയ വനിതാ കമീഷന്‍ അംഗം ചന്ദ്രമുഖി ദേവി ജനുവരിയില്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയരുകയും ദേശീയ വനിതാ കമീഷന്‍ അംഗത്തിന് തന്റെ പ്രസ്താവന പിന്‍വലിക്കേണ്ടിയും വന്നിരുന്നു.