കൊച്ചി: ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യ വിതരണം ഉറപ്പുവരുത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹടചര്യത്തില്‍ ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദ്വീപിലെ നിവാസികള്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് കാണിച്ച്‌ അമിനി ദ്വീപ് സ്വദേശി കെ കെ നിഹാസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

എന്നാല്‍ ലക്ഷദ്വീപില്‍ ഭക്ഷ്യക്ഷാമം ഇല്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പിഎംകെജിവൈ പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ലക്ഷദ്വീപില്‍ അരിക്കു പുറമേ എന്തെല്ലാം ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് രേഖമൂലം കോടതിയെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നിതിനായി മറ്റിവെച്ചു.

അതേസമയം മത്സ്യ ബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിന് പോകണമെന്ന് വിവാദ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം പിന്‍വലിച്ചു. ദ്വീപിലെ സുരക്ഷ വര്‍ധിപ്പിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ മറ്റൊരുത്തവു കൂടിയും പിന്‍വലിച്ചിട്ടുണ്ട്. വിവാദ ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ കൂടി മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം ബോട്ടുകളില്‍ പോകണമെന്ന ഉത്തരവ് ഈ മാസം രണ്ടിനാണ് ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയത്. സുരക്ഷയുടെ ഭാഗമായി ആയിരുന്നു ഈ നിര്‍ദ്ദേശം എന്നാണ് ഉത്തരവാദപ്പെട്ടവര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ലക്ഷദ്വീപിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പരസ്യമായിത്തന്നെ ഉത്തരവിനെ തള്ളിപ്പറയുകയും പുനപരിശോധിക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നിലവില്‍ സുരക്ഷ അധികമുള്ള ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടി ഇതിന് നിയോഗിക്കുന്നത് വലിയ അസ്വസ്ഥതകള്‍ക്കും ആശങ്കകള്‍ക്കും കാരണമാക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു .ഇതാദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഭരണകൂടത്തിനെതിരെ പരസ്യമായി രംഗത്ത് വരുന്നതും. ദ്വീപുകളില്‍ സുരക്ഷാ വര്‍ധിപ്പിച്ച മെയ് 28 ലെ മറ്റൊരു ഉത്തരവ് കൂടി പിന്‍വലിച്ചിട്ടുണ്ട് .ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദ്വീപില്‍ സുരക്ഷ ഉയര്‍ത്തിയിരുന്നു. ഇതനുസരിച്ച്‌ വാര്‍ഫുകളിലും ബോട്ടുകളിലും ദ്വീപില്‍ പൊതുവെയും സുരക്ഷ ഇരട്ടിയാക്കായിരുന്നു. ഈ ഉത്തരവും പിന്‍വലിച്ചതില്‍പ്പെടുന്നു.

ദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷഅകാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് സുരക്ഷയെ മുന്‍നിര്‍ത്തി 24 മണിക്കൂറും കരയും കടലും പരിശോധിക്കാനുള്ള രണ്ട് ഉത്തരവുകള്‍ അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയത്. ഇതില്‍ ജൂണ്‍ രണ്ടിനിറക്കിയ ഉത്തരവായിരുന്നു വലിയ വിവാദത്തിന് വഴിവെച്ചത്.

ആദ്യ സര്‍ക്കുലറില്‍ ബോട്ട് ജെട്ടി, പൊതുയിടങ്ങളടക്കം സിസിടിവി അടക്കം ഉപയോഗിച്ച്‌ കര്‍ശനമായി നിരീക്ഷിക്കാനായിരുന്നു നിര്‍ദ്ദേശം.പ്രതിഷേധം ശക്തമായതോടെയാണ് ഭരണകൂടത്തിന് ഉത്തരവ് പിന്‍വലിക്കണ്ടിവന്നതെന്നാണ് സൂചന.