സംസ്ഥാനത്തെ വനം കൊള്ളയില്‍ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വനംവകുപ്പ്. ഡി.എഫ്.ഒമാരുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. 12 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

വയനാട് മുട്ടില്‍ മരം മുറിയുടെ പശ്ചാത്തലത്തിലാണ് സമഗ്ര അന്വേഷണത്തിനുള്ള വനം വകുപ്പ് തീരുമാനം. 2020 മാര്‍ച്ച് മുതല്‍ സംസ്ഥാനത്ത് നടന്ന മരം മുറിക്കലിനെക്കുറിച്ച് അന്വേഷിക്കാനാണ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്. ഡി.എഫ്.ഒമാരുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങള്‍ വിശദമായ അന്വേഷണം നടത്തും. ആകെ 15 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇന്ന് അന്വേഷണം ആരംഭിച്ച് 22 ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വിജിലന്‍സ്) ഗംഗാ സിംഗിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. മരം മുറിക്കലിന്റെയടക്കം എല്ലാ രേഖകളും പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ മരം മുറിച്ചുകൊണ്ട് പോയത് ഏതു ഗതാഗത സൗകര്യം ഉപയോഗിച്ചാണെന്നും പരിശോധിക്കണം. ഭൂമി സംബന്ധമായ വിവരങ്ങളും രേഖകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഉദ്യോഗസ്ഥരായ ഷാനവാസ്. എ, രാജു. കെ. ഫ്രാന്‍സിസ്, ആസിഫ്. പി കെ, അനീഷ് സി.പി എന്നിവരായിരിക്കും നാലു മേഖലകളിലായി അന്വേഷണം നടത്തുക.

അതേസമയം വിവാദമായ മുട്ടില്‍ മരം മുറിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിവിധ വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഫോറസ്റ്റ്, പൊലീസ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതിനുശേഷം അന്വേഷണം നടത്തുന്ന കാര്യത്തില്‍ ഇ.ഡിയുടെ തീരുമാനമുണ്ടാകും.