പാരിസ്​: അമേരിക്കന്‍ ടെക്​ ഭീമന്‍ ഗൂഗി​ളിന് ഭീമന്‍ തുക പിഴയീടാക്കി ഫ്രഞ്ച്​ അധികൃതര്‍. ഡിജിറ്റല്‍ പരസ്യ മേഖലയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ്​ ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി 26.8 കോടി ഡോളര്‍ പിഴയിട്ടത്​. എതിരാളികളെ ബാധിക്കുന്ന വിധം ഗൂഗിള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്‍ഗണന നല്‍കിയെന്നാണ് അധികൃതര്‍ കണ്ടെത്തിയത്.

ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിള്‍ ദുരുപയോഗം ചെയ്തെന്ന്​ കാട്ടി 2019 ല്‍ റൂപര്‍ട് മര്‍ഡോക്കി​ന്റെ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ-ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് നടപടി. ഗൂഗി​ള്‍ സ്വന്തം പരസ്യ പ്ലാറ്റ്​ഫോമുകളായ ആഡ്​-എക്​സിനും ​ഡബിള്‍ക്ലിക്ക് ആഡ് എക്സ്‌ചെയ്ഞ്ചിനും പരിധിയിലധികം മുന്‍ഗണന നല്‍കി മാര്‍ക്കറ്റില്‍ അവര്‍ക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായാണ് പരാതിയില്‍ പറയുന്നു. നടപടിക്കുപിന്നാലെ പരസ്യസേവനങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്​.മുമ്ബും ഫ്രാന്‍സില്‍ ഗൂഗിളിന് പിഴയിട്ടിരുന്നു. 2019 ഡിസംബറില്‍ സമാനമായ കേസില്‍ 150 മില്യന്‍ യൂറോയാണ് ​ പിഴയൊടുക്കേണ്ടിവന്നത്​.