ഓണ്‍ലൈന്‍ പഠനത്തില്‍ ആദിവാസി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ബന്ധമില്ലാത്ത സ്ഥലങ്ങളില്‍ ജനറേറ്ററുകളും സൗരോര്‍ജ്ജവുമുള്‍പ്പെടെ ഉപയോഗിക്കുകയും ഊര് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സംവിധാനമൊരുക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരുടെ സേവനം സൗജന്യമായി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്ര കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ആവശ്യമാണെന്ന് കണക്കാക്കാന്‍ സ്‌കൂള്‍ പി.ടി.എകളെ ഉയോഗിക്കും. ഡിജിറ്റല്‍ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനാകണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം ഉദാരമതികളായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയില്‍ നിന്ന് സ്വീകരിക്കാനായി പ്രത്യേക നിധി രൂപീകരിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉപകരണങ്ങളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും എല്ലാ വിഭാഗം കുട്ടികള്‍ക്കും ഉറപ്പു വരുത്തി ഡിജിറ്റല്‍ വിഭജനം പരിഹരിച്ചു മുന്നോട്ടു പോവുക എന്ന ബൃഹദ് പദ്ധതി നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ നിറവേറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.