പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശബരിമലക്കാലം കൂടി മുന്നില്‍ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തില്‍ സജ്ജമാക്കുന്നത്. അത്യാഹിത വിഭാഗത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണം. മൂന്ന് മാസത്തിനകം ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതാണ്. എത്രയും വേഗം ആശുപത്രി വികസന സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ജില്ലയിലാകെ സഹായകമാകാന്‍ മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിഭാഗം ആരംഭിക്കുന്നതാണ്. മെഡിക്കല്‍ കോളജില്‍ അടിയന്തരമായി പീഡിയാട്രിക് ഐ.സി.യു. സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.