കൊച്ചി: വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിനു ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സംഘടനയുടെ പ്രസിഡന്റ് പീറ്റര്‍ തോമസാണ് ഹര്‍ജി നല്‍കിയത്. 2018 മാര്‍ച്ച് 22നാണു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്നയെ വെച്ചൂച്ചിറ കുന്നത്തു വീട്ടില്‍നിന്നു കാണാതായത്.

ജെസ്ന എരുമേലി വരെ എത്തിയതിനു സാക്ഷികളുണ്ട്. അവസാനമായി കണ്ടത് ചാത്തൻതറ–കോട്ടയം റൂട്ടിൽ ഓടുന്ന തോംസൺ ബസിലാണ്. മുക്കൂട്ടുതറയിൽ നിന്നാണ് ജെസ്ന കയറിയത്. അവിടെ നിന്ന് 6 കിലോമീറ്റർ അകലെ എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങി. പിന്നീട് ജെസ്ന മുണ്ടക്കയം ബസിൽ കയറി പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോയതായി പറയപ്പെടുന്നു. തിരോധാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജനുവരി മാസത്തില്‍ ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച പ്രതിനിധി വഴി പ്രധാനമന്ത്രിയ്ക്ക് പരാതി കൈമാറിയിരിന്നു.