രാജ്യത്ത് കൂടുതല്‍ വാക്‌സിന്‍ എത്തുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് കേന്ദ്രം ഓര്‍ഡര്‍ നല്‍കി . സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി ഡോസ് കോവി ഷീല്‍ഡിനും ഭാരത് ബയോടെകില്‍ നിന്ന് 19 കോടി ഡോസ് കോവാക്സിനുമാണ് ഓര്‍ഡര്‍ നല്‍കിയതെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി. കെ പോള്‍ അറിയിച്ചു.

രണ്ട് വാക്സിന്‍ നിര്‍മാതാക്കള്‍ക്കും കേന്ദ്രം ഇതിനോടകം നല്‍കിയ ഓര്‍ഡറുകള്‍ക്ക് പുറമേയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസും ലഭ്യമാകും. പുതിയ ഓര്‍ഡറിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും 30 ശതമാനം തുക അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നും വി.കെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവാക്സിനും കോവിഷീല്‍ഡിനും പുറമേ ബയോളജിക്കല്‍ ഇ കമ്ബനിയുടെ 30 കോടി ഡോസ് വാക്സിനും കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് സെപ്തംബറോടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.