ഓസ്റ്റിൻ ∙ ടെക്സസിലെ ബിസിനസ് സ്ഥാപനങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റോ, വാക്സീൻ പാസ്പോർട്ടോ ചോദിക്കുന്നതിൽ കർശന വിലക്കേർപ്പെടുത്തുന്ന ഉത്തരവ് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് ഒപ്പുവച്ചു. ടെക്സസ് നൂറുശതമാനവും പ്രവർത്തന സജ്ജമായിരിക്കുന്നു. സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ് സംബന്ധിച്ച യാതൊരു നിയന്ത്രണങ്ങളോ, പരിമിതികളോ ഉണ്ടായിരിക്കുന്നതല്ലെന്നു ഗവർണർ ഉത്തരവിൽ വ്യക്തമാക്കി.

ഗവൺമെന്റ് സ്ഥാപനങ്ങളിൽ കോവിഡിനെ സംബന്ധിച്ചു യാതൊരു ചോദ്യവും ഉണ്ടായിരിക്കുന്നതല്ലെന്നും കോവിഡിനു മുമ്പ് എങ്ങനെയായിരുന്നുവോ, ആളുകൾ പ്രവേശിച്ചുകൊണ്ടിരുന്നത് ആ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നതായും ഗവർണർ അറിയിച്ചു.

ടെക്സസിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കോവിഡ് വാക്സീൻ ആവശ്യമുള്ളവർക്ക് ഇതിനകം നൽകി കഴിഞ്ഞു, സിഡിസി നിയന്ത്രണങ്ങൾക്ക് അയവുവരുത്തിയതാണ് പുതിയ ഉത്തരവിന് ഗവർണറെ പ്രേരിപ്പിച്ചത്.

മെമ്മോറിയൽ ഡേ കഴിഞ്ഞാൽ രോഗവ്യാപനം വർധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനകം തന്നെ മാസ്ക്ക് ധരിക്കാതെ ആളുകൾ പുറത്ത് സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ടെക്സസിലെ പല ക്രിസ്ത്യൻ ദേവാലയങ്ങളിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.