കോട്ടയം: തന്റെ ഇടവകയിലെ ഒരു കുടുംബത്തിന് കഴിഞ്ഞ മഴക്കാലത്ത് നഷ്ടമായ വീട് നിര്‍മ്മിക്കാനായി സ്വയം മേസ്തിരി പണി ചെയ്യുന്ന ഫാദര്‍ ബിജു ഇടയാളിക്കുടിയില്‍ വൈദികര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വമാണ്. മൂവാറ്റുപുഴ രൂപതയ്ക്കു വേണ്ടി പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറ സെന്റ് ജോസഫ് ദേവാലയത്തില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ബിജുവിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ത്തനം പോലെ സുപരിചിതം.


വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്ന യേശുക്രിസ്തുവിന്റെയും യൗസേപ്പ് പിതാവിന്റെയും ആശാരിപ്പണിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഫാദറിന്റെ പ്രവര്‍ത്തികള്‍. തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് ബോധ്യം നല്‍കുന്ന ഈശോയുടെ പാതയിലൂടെ, സഹായഹസ്തവുമായി മേസ്തിരിപ്പണിയില്‍ വ്യാപൃതനാണ് ഈ പ്രിയപ്പെട്ട വൈദികന്‍. തന്നില്‍ നിക്ഷിപ്തമായ പൗരോഹിത്യജീവിതത്തിലൂടെ ക്രിസ്തുവിന്റെ പാതയില്‍ കടന്നുപോയ ദേവാലയങ്ങളിലെല്ലാം വിശുദ്ധ ബലിക്കായി കരങ്ങള്‍ ഉയര്‍ത്തുന്നതിനൊപ്പം ഒരു തച്ചന്റെ ഇച്ഛാശക്തിയോടെ ദേവാലയങ്ങളെ നിരീക്ഷിച്ച് മോടി പിടിപ്പിക്കുന്നതിനും മനോഹരമാക്കി തീര്‍ക്കുന്നതിനും സമയം കണ്ടെത്തി ഫാ. ബിജു.

മൂവാറ്റുപുഴ ഇടയാളിക്കുടിയില്‍ വര്‍ഗീസിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1971 മെയ് 10 നായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1996 തിരുവല്ല അതിരൂപതയ്ക്ക് വേണ്ടി സെമിനാരിയില്‍ ചേര്‍ന്നു. മൂന്നുവര്‍ഷത്തെ സെമിനാരി പഠനത്തിനുശേഷം തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരിയില്‍ ഫിലോസഫി തിയോളജി പഠനം. 1997 ഏപ്രില്‍ ഒന്നിന് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്തയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് തിരുവല്ല അതിരൂപതയിലെ നെടുമാവ്, കാഞ്ഞിരപ്പാറ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.

തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റുപുഴ രൂപത രൂപീകരിച്ചപ്പോള്‍ മൂവാറ്റുപുഴ കത്തീഡ്രല്‍ ഇടവകാംഗം എന്ന നിലയില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ മൂന്നു ജില്ലകളും കോയമ്പത്തൂരും ഉള്‍പ്പെടുന്ന മൂവാറ്റുപുഴ രൂപതയുടെ ബിഷപ്പായിരുന്ന അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന്റെ സെക്രട്ടറിയായി ചുമതലയേറ്റു. തുടര്‍ന്ന് പാമ്പാക്കുട, കോട്ടപ്പുറം, മഴുവന്നൂര്‍, കുന്നക്കുരുടി, കട്ടിലപ്പൂവം, വെട്ടായി, ഇരുമ്പുമുട്ടി, ചിറക്കല്‍പ്പടി എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. മേധാവിയും കാഴ്ചക്കാരനുമാകാതെ ജോലിക്കാരുടെ ഒപ്പം കിളക്കാനും മണ്ണ് വെട്ടാനും,കല്ല് കെട്ടാനുമെല്ലാം ചുറുചുറുക്കോടെ മുന്നിട്ടിറങ്ങി ഇദ്ദേഹം സുമനസ്സുകളുടെ സഹായത്തോടെ അട്ടപ്പാടിയില്‍ ഏഴ് വീടുകളാണ് പൂര്‍ത്തിയാക്കി പാവപ്പെട്ടവര്‍ക്കായി നല്‍കിയത്.

വര്‍ഷത്തില്‍ നാലു തവണയെങ്കിലും ഇടവകയിലെ അക്രൈസ്തവരുടേതടക്കം വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ ആവശ്യങ്ങളില്‍ സഹായഹസ്തമാവുകയും ചെയ്യുന്ന അപൂര്‍വ്വ വ്യക്തിത്വം കൂടിയാണ് ഈ പുരോഹിതന്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ നാലു തവണ ഭക്ഷണ കിറ്റുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു. ക്രിസ്മസിന് ഇടവകയിലെ പകുതിയോളം വരുന്ന കുടുംബങ്ങള്‍ക്ക് ഒരു കിലോ കോഴിയും പച്ചക്കറികളുമടക്കമുള്ള ഭക്ഷ്യക്കിറ്റാണ് ഫാ. ബിജുവിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ഇക്കഴിഞ്ഞ ഈസ്റ്ററിനോടനുബന്ധിച്ച് ഇടവകയിലെ കുടുംബനാഥന്‍മാര്‍ക്ക് ഷര്‍ട്ടും സ്ത്രീകള്‍ക്ക് സാരിയും നൈറ്റിയും വരെ വിതരണം ചെയ്തു കൊണ്ടാണ് ഈ നല്ല സമരിയാക്കാരന്‍ ഉയിര്‍പ്പ് തിരുനാളിന്റെ മഹത്വം ദൈവജനത്തോട് പങ്കു വച്ചത്.

പൗരോഹിത്യ രജത ജൂബിലിയുടെ ഈ വര്‍ഷത്തില്‍ കുറച്ചു വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കാനുള്ള പരിശ്രമത്തിലാണ് ബിജു അച്ചന്‍.  തന്റെ പ്രവര്‍ത്തനങ്ങളില്‍ എന്നും കൂടെയുള്ള ഇടവക ജനത്തോടും കരുതലും പ്രോത്സാഹനവുമായിരിക്കുന്ന രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തെയഡോഷ്യസ് പിതാവിനോടും സര്‍വ്വോപരി സര്‍വ്വശക്തനായ ദൈവത്തോടും നന്ദി പറഞ്ഞു കൊണ്ടാണ് ബിജു അച്ചന്‍ വീണ്ടും ചരടിനൊപ്പിച്ച് സിമന്റ് കട്ടകള്‍ അടുക്കി കൊണ്ട് സഭാ സമൂഹത്തിനും കര്‍ത്താവിനും വേണ്ടി പുഞ്ചിരിച്ചു നില്‍ക്കുന്നത്.

അച്ചന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക

Whatsapp: +918304858101 Ph:+919447421460