ന്യുയോർക്ക് ∙ ജൂൺ 22ന് നടക്കുന്ന ന്യുയോർക്ക് മേയർ പ്രൈമറിയിൽ ഡമോക്രാറ്റിക് സ്ഥാനാർഥി മായ വൈലിയെ എൻഡോഴ്സ് ചെയ്യുമെന്ന് യുഎസ് കോൺഗ്രസ് അംഗവും രാജ്യത്തെ പ്രമുഖ ഇടതുപക്ഷ നേതാക്കളിൽ ഒരാളുമായ അലക്സാൻഡ്രിയ ഒക്കേഷ– കോർട്ടസ്(എഒസി) ജൂൺ 5 ശനിയാഴ്ച പ്രഖ്യാപിച്ചു. ന്യുയോർക്കിലെ വോട്ടർമാർ തങ്ങളുടെ സമ്മതിദാനവകാശം ഉപയോഗിച്ചു മായ വൈലിയെ വിജയിപ്പിക്കണമെന്നും എഒസി അഭ്യർഥിച്ചു. ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തി കേന്ദ്രമാണ് ന്യുയോർക്ക്.

ന്യുയോർക്ക് മേയർ ബിൽ ഡി. ബ്ലാസിയൊ ഒഴിയുന്ന സ്ഥാനത്തേക്ക് സിവിൽ റൈറ്റ്സ് ലോയറും ബ്ലാസിയോയുടെ മുൻ കോൺസലുമായ മായ വൈലിക്കൊപ്പം ഡമോക്രാറ്റിക് പ്രൈമറിയിൽ പ്രമുഖരായ ആൻഡ്രു യംഗ്, എറിക്ക് ആംഡംസ്, കാതറിൻ ഗാർസിയ എന്നിവരും ഉൾപ്പെടുന്നു. പതിമൂന്ന് ഡമോക്രാറ്റിക് സ്ഥാനാർത്ഥികൾ പ്രൈമറിയിൽ സ്ഥാനം നേടിയിട്ടുണ്ട്. മായ വൈലിയെ പിന്തുണക്കുന്നതിന് എഒസിയെ പ്രേരിപ്പിച്ചത്, ന്യുയോർക്കിന്റെ മേയർ സമ്പന്നന്മാരെയല്ല, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കുന്ന മേയറായിരിക്കണമെന്നതാണ്. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥിയായ വൈലിയാണെന്നാണ് എഒസിയുടെ പക്ഷം.

ഏർലി വോട്ടിങ് ആരംഭിക്കുന്നതിനു മുൻപ് എഒസി നടത്തിയ പ്രഖ്യാപനം മറ്റു പ്രമുഖ സ്ഥാനാർത്ഥികൾക്കു തിരിച്ചടിയായി. അതുവരെ പിൻനിരയിലായിരുന്ന മായക്ക് മറ്റു നിരവധി പ്രമുഖരുടെ പിന്തുണയും ലഭിച്ചു തുടങ്ങി. ലഫ്റ്റ് വിങ് ഡമോക്രാറ്റുകളായ ജമാൽ ബൊമാൻ, ഉൾപ്പെടെയുള്ളവരും വൈലിയെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള മേയർ മൂന്നാമതും മത്സരിക്കുന്നതിനു നിരോധനമുണ്ട്. നവംബർ 2, 2021 നാണ് ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള പൊതുതിരഞ്ഞെടുപ്പ്.