ഗുരുഗ്രാം: അടുത്തിടെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട കുക്ക് ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി കുടുംബത്തിന്റെ പരാതി. ഫ്ലാറ്റിലെ ബാത്ത്റൂമില്‍ ഹിഡന്‍ ക്യാമറ സ്ഥാപിരുന്നതായും കുടുംബാംഗങ്ങളുടെ അശ്ലീലദൃശ്യങ്ങളുടെ ക്ലിപ്പിങ്ങുകള്‍ കൈവശം ഉണ്ടെന്നും പറഞ്ഞായിരുന്നു ബ്ലാക്ക് മെയിലിങ്.

സോഷ്യല്‍മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്യാതിരിക്കാന്‍ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലെ ഫ്ലാറ്റിലാണ് സംഭവം. തേജ് ബഹദൂര്‍ എന്ന നേപ്പാള്‍ സ്വദേശിയെയാണ് അടുത്തിടെ പറഞ്ഞുവിട്ടത്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി തുടങ്ങിയതിനെ തുടര്‍ന്നാണ് കുക്കിനെ പറഞ്ഞുവിട്ടതെന്ന് വീട്ടുകാര്‍ പറയുന്നു.

മെയ് 15നാണ് തേജ് ബഹദൂറിനെ പറഞ്ഞുവിട്ടത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി കൊണ്ട് വീട്ടുടമസ്ഥന്റെ വാട്സ്‌ആപ്പില്‍ നിരവധി വോയ്സ് മെസേജുകള്‍ 25കാരന്‍ അയച്ചു എന്നതാണ് പരാതി. കുടുംബാംഗങ്ങളുടെ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കൈയില്‍ ഉണ്ട് എന്ന് പറഞ്ഞായിരുന്നു ഭീഷണി. ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് ബ്ലാക്ക് മെയില്‍ ചെയ്തതായും പരാതിയില്‍ പറയുന്നു.

ഭീഷണിക്ക് പിന്നാലെ വീട്ടിലെ ബാത്ത്റൂമുകളില്‍ പരിശോധന നടത്തിയെങ്കില്‍ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. ഫ്ലാറ്റില്‍ നിന്ന്് പോകുന്നതിന് മുന്‍പ് ഹിഡന്‍ ക്യാമറകള്‍ കൊണ്ടുപോയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലെ ഒരംഗത്തെ പോലെയാണ് തേജ് ബഹദൂറിനെ കണ്ടിരുന്നതെന്ന് പരാതിയില്‍ പറയുന്നു.